മുംബൈ: മഹാരാഷ്ട്രയിലെ പ്രതിപക്ഷ മുന്നണിയായ മഹാവികാസ് അഗാഡി (എം.വി.എ) സീറ്റ് വിഭജനത്തിൽ എത്രയും പെട്ടെന്ന് തീരുമാനം എടുത്തില്ലെങ്കിൽ വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ) 48 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് വി.ബി.എ അധ്യക്ഷൻ പ്രകാശ് അംബേദ്കർ.
‘ശിവസേന (യു.ബി.ടി) മഹാവികാസ് അഗാഡിക്കൊപ്പമാണ്. ഞങ്ങളും ശിവസേനയും തമ്മിലുള്ള സഖ്യം ഇപ്പോൾ ഒരു വർഷമാകുന്നു. എം.വി.എയുമായി ശിവസേന സീറ്റ് വിഭജനത്തെ കുറിച്ച് ചർച്ച ചെയ്യാത്തിടത്തോളം ഞങ്ങൾക്ക് സ്വയം ശിവസേനയുമായി അതിനെക്കുറിച്ച് സംസാരിക്കാനാകില്ല.
സഖ്യം സംബന്ധിച്ച്, പന്ത് ഇപ്പോൾ ശിവസേനയുടെ കോർട്ടിലാണ്. എത്രയും പെട്ടെന്ന് തീരുമാനമെടുത്തില്ലെങ്കിൽ 48 മണ്ഡലങ്ങളിലും ഞങ്ങൾ തന്നെ മത്സരിക്കും,’ പ്രകാശ് അംബേദ്കർ മുംബൈയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എം.വി.എ സഖ്യകക്ഷിയായ കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രകാശ് അംബേദ്കറുടെ മുന്നറിയിപ്പ്.
പ്രതിപക്ഷ പ്രവർത്തകരെ ജയിലിൽ ഇടുമെന്ന് ഭീഷണി ഉണ്ടെന്നും പ്രകാശ് അംബേദ്കർ പറഞ്ഞു.
‘ഭയത്തെ അതിജീവിച്ച് ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പൊരുതാൻ തയ്യാറായ എല്ലാവരും ഒരു കിടക്കയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് നിന്ന് മത്സരിക്കണം.
പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അത് എല്ലാ വിഭാഗത്തിൽ നിന്നുമുള്ള ആളുകൾക്ക് പ്രാതിനിധ്യം നൽകുന്നു. ജനാധിപത്യം നിലനിന്നെങ്കിൽ മാത്രമേ രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കൂ. എങ്കിൽ മാത്രമേ ജനങ്ങളുടെ അധികാരവും തുടരുകയുള്ളൂ,’ പ്രകാശ് അംബേദ്കർ പറഞ്ഞു.
മഹാരാഷ്ട്രയിലെ വോർലിയിൽ കോർ കമ്മിറ്റി യോഗം നടത്തിയ വി.ബി.എ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തി.
Content Highlight: In warning to MVA, VBA’s Prakash Ambedkar threatens to field candidates in all Lok Sabha seats