ഭോപ്പാല്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ജയം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ സബ് കളക്ടറോട് പറയുന്നതിന്റെ സന്ദേശം പുറത്ത്. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലാ കളക്ടറുടെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. എന്നാല്‍ സന്ദേശത്തിന്റെ ആധികാരികത സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണമില്ല.
ആരുടേയോ കുസൃതിയാണെന്നായിരുന്നു സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമങ്ങളോട് കളക്ടര്‍ അനുഭ ശ്രീവാസ്തവ പറഞ്ഞത്. അതേസമയം സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടര്‍ പൂജാ തിവാരി പറഞ്ഞു.
ജൈത്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ ധ്രുവ് ലീഡ് ചെയ്യുന്നുവെന്ന് പൂജാ തിവാരി അനുഭയ്ക്ക് മെസേജ് അയച്ചുവെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശം. എന്നാല്‍ ബി.ജെ.പിയുടെ വിജയം ഉറപ്പുവരുത്തിയാല്‍ മാത്രമെ തെരഞ്ഞെടുപ്പിന് ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ചുമതല ലഭിക്കൂവെന്നാണ് അനുഭ, പൂജയോട് മറുപടിയായി പറയുന്നത്.
ALSO READ: ബിഹാറില്‍ ബി.ജെ.പിയ്ക്ക് ആദ്യ തിരിച്ചടി; മുന്‍ എം.പി പാര്‍ട്ടിവിട്ടു
എന്നാല്‍ ഇതുവഴി എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന പൂജയുടെ ചോദ്യത്തിന് ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും അനുഭ പറയുന്നുണ്ട്.
എന്നാല്‍ തനിക്ക് ജൈസിംഗ് നഗറിലായിരുന്നു ഡ്യൂട്ടിയെന്നും ജൈത്പൂരില്‍ എന്ത് നടന്നുവെന്ന് അറിയില്ലെന്നും പൂജ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കൗണ്ടിംഗ് സെന്ററില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലെന്നും അവര്‍ പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പൂജ പറഞ്ഞു.
ഷാഹ്‌ദോള്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് ജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജൈത്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഉമാ ധ്രുവ് 70063 വോട്ട് നേടിയപ്പോള്‍ 74279 വോട്ട് നേടിയാണ് ബി.ജെ.പിയുടെ മനീഷ് സിംഗ് വിജയിച്ചത്.
ഉദ്യോഗസ്ഥരെ ബി.ജെ.പി വിലക്കെടുക്കുകയാണെന്ന ആരോപണവുമായി തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
WATCH THIS VIDEO: