വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വാരണാസിയിലെ ജനങ്ങള്‍ ലോക് ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലാണെന്ന് റിപ്പോര്‍ട്ട്. വാരണാസിയിലെ ഡ്രോമിയിലെ ജനങ്ങളാണ് ലോക് ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നത്.
റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പൊതുവിതരണ സംവിധാനം പോലും പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ ആഹാരത്തിന് നിവൃത്തിയില്ലാത്ത ആളുകള്‍ വാരണാസിയില്‍ ഉണ്ടെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
” ലോക് ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ രണ്ട് മാസമായി ഞാന്‍ എവിടെ നിന്നെങ്കിലും പൈസ കൊടുക്കാതെ ഭക്ഷണം കിട്ടുമോ എന്നന്വേഷിച്ച് നടക്കുന്നു. എന്ത് ചെയ്യാനാണ് ഭക്ഷണം ഇല്ലാതെ ആത്മാവിന് തൃപ്തി ലഭിക്കില്ലല്ലോ,” വാരണാസിയിലെ ഗ്രാമവാസിയായ 55 വയസുള്ള കല്ലുവിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭക്ഷണത്തിന് വേണ്ടി 8 കിലോമീറ്റര്‍ സഞ്ചരിച്ച് ഗംഗാ നദിയുടെ മറുവശത്തേക്ക് പോകേണ്ടിവരാറുണ്ടെന്നും കല്ലൂ പറയുന്നു.
ലോക് ഡൗണിനെ തുടര്‍ന്ന പണി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗ്രാമത്തിലെ ഭൂരിഭാഗവും.
റൊട്ടിയും ചായയും കഴിച്ചാണ് ജീവിക്കുന്നതെന്നും പലപ്പോഴും അത് കിട്ടാന്‍ പോലും പ്രയാസമാണെന്നും മാല എന്ന സ്ത്രീ പറഞ്ഞു.
” ലോക് ഡൗണിന് മുന്‍പ് ഞാന്‍ 60 രൂപ കൊടുത്ത് പാല് വാങ്ങിക്കാറുണ്ടായിരുന്നു. എന്റെ കുട്ടികള്‍ക്ക് കൊടുക്കണമെങ്കില്‍ അത്രയും വേണമായിരുന്നു. ഇപ്പോള്‍ 20 രൂപക്കാണ് വാങ്ങാറ്. അത് ചെറിയ കുഞ്ഞിന് കൊടുക്കും മറ്റ് കുഞ്ഞുങ്ങള്‍ക്ക് ചൗവ്വരി കൊണ്ട് പാനിയം ഉണ്ടാക്കും,”
3 കുട്ടികളുള്ള രഞ്ജു ദേവി പറഞ്ഞു. ഇളയ കുഞ്ഞിന് 10 മാസവും മറ്റ് രണ്ട് കുട്ടികള്‍ക്ക് അഞ്ചും മൂന്നും വയസ്സാണ്.
പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുള്ള മാതൃകാ ഗ്രാമ പദ്ധതിയായ സന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പ്രകാരമാണ് 2018 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമത്തെ ദത്തെടുത്തത്. വാരാണസി നിയോജകമണ്ഡലത്തില്‍ മോദി സ്വീകരിച്ച നാലാമത്തെ ഗ്രാമമാണിത്. 2014 ലും 2019 ലും വാരണാസിയില്‍ നിന്നാണ് മോദി ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ 63 അടി ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്യാനാണ് മോദി വാരണാസിയില്‍ പോയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക