ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള 5 സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ഹിന്ദി വാദമുയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ശനിയാഴ്ച വരാണസിയില്‍ ചേര്‍ന്ന അഖില ഭാരതീയ രാജ്ഭാഷ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അമിത് ഷാ ഹിന്ദിയെ പ്രശംസിച്ച് സംസാരിച്ചത്.
ഹിന്ദി എല്ലാ ഭാഷകളുടെയും സുഹൃത്താണെന്നും ഭാരതത്തിന്റെ സമൃദ്ധി ഭാഷസമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് അമിത് ഷാ അവകാശപ്പെട്ടത്.
”ഇംഗ്ലീഷ് സംസാരിക്കാനാവാത്ത കുട്ടികളുടെ മനസില്‍ ഒരു തരം അപകര്‍ഷതബോധം കുത്തിവെക്കപ്പെട്ടിരിക്കുകയാണ്. പക്ഷേ മാതൃഭാഷ അറിയാത്ത കുട്ടികള്‍ക്ക് അപകര്‍ഷതാബോധം ഉണ്ടാകുന്ന കാലം വിദൂരമല്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” അമിത് ഷാ പറഞ്ഞു.
സ്വന്തം ഭാഷയെ സംരക്ഷിക്കാനാവാത്ത ഒരു രാജ്യത്തിന് അതിന്റെ സാംസ്‌കാരികവും ജൈവീകവുമായ പുരോഗതി കൈവരിക്കാനാവില്ലെന്നും അങ്ങനെയുള്ള രാജ്യത്തിന് ലോകത്തിന് വേണ്ടിയും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അതുകൊണ്ടുതന്നെ ഭാഷയെ സംരക്ഷിക്കേണ്ടത് അത്യാവശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” എന്റെ മാതൃഭാഷ ഹിന്ദിയല്ല. ഞാന്‍ വരുന്നത് ഗുജറാത്തില്‍ നിന്നാണ്. ഗുജറാത്തി സംസാരിക്കാന്‍ എനിക്കൊരു മടിയുമില്ല. എന്നാല്‍ മാതൃഭാഷക്കൊപ്പമോ അതിലുമധികമോ ഞാന്‍ ഹിന്ദിയെ സ്നേഹിക്കുന്നു,” അമിത് ഷാ പറഞ്ഞു.
ഹിന്ദി ഭാഷയെ ചുറ്റിപ്പറ്റി മുമ്പ് വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായും അമിത് ഷാ ആരോപിച്ചു.
ഇന്ത്യന്‍ ഭാഷകളുടെ സംരക്ഷണം രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണെന്നും എഞ്ചിനീയറിങ് – മെഡിക്കല്‍ കോഴ്സുകളുടെ സിലബസുകള്‍ 8 ഇന്ത്യന്‍ ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
”ആഭ്യന്തര മന്ത്രാലയത്തിന്റെ ഒറ്റ ഫയലുകള്‍ പോലും എഴുതപ്പെട്ടിരിക്കുന്നത് ഇംഗ്ലീഷിലല്ല എന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങള്‍ പൂര്‍ണമായും രാജ്ഭാഷ (ഹിന്ദി) സ്വീകരിച്ചു കഴിഞ്ഞു,” അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഹിന്ദിയേയും മറ്റ് പ്രാദേശിക ഭാഷകളേയും ശക്തിപ്പെടുത്തണമെന്നും അങ്ങനെയെങ്കില്‍ 2047 ല്‍ വൈദേശിക ഭാഷകളുടെ സഹായം തേടേണ്ടി വരില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.
യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രശംസിച്ച അമിത് ഷാ 2022 നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്തു.