|

വാരണാസിയില്‍ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ച കടയുടമയെ വെടിവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിന് പലചരക്ക് കടയുടമയെ അക്രമികള്‍ വെടിവെച്ചു കൊന്നു. വാരണാസിയിലെ ബിര്‍ദാപൂര്‍ ഗ്രാമത്തിലാണ് സംഭവം. അമ്പത്തഞ്ചുകാരനായ ശാരദ യാദവിനെയാണ് അക്രമികള്‍ വെടിവെച്ചു കൊന്നത്.

അര്‍ദ്ധരാത്രി കടയില്‍ വന്ന സംഘം, ഉറങ്ങിക്കിടക്കുകയായിരുന്ന കടയുടമയെ സിഗരറ്റാവശ്യപ്പെട്ട് വിളിച്ചുണര്‍ത്തുകയായിരുന്നു. അര്‍ദ്ധരാത്രി കട തുറക്കില്ലെന്നും താക്കോല്‍ വീട്ടിനുള്ളിലാണെന്നും കടയുടമ പറഞ്ഞു. പിന്നാലെ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അക്രമികള്‍ വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ശാരദ യാദവിന്റെ കഴുത്തിനാണ് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ അദ്ദേഹത്തെ എത്തിച്ചെങ്കിലും മുമ്പ് തന്നെ മരണപ്പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

അര്‍ദ്ധരാത്രിയില്‍ കടയുടെ ഭാഗത്തുനിന്നും വെടിയൊച്ച കേട്ട് കടയുടമയുടെ ഭാര്യ ഓടി വന്നതിനെ തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അര്‍ദ്ധരാത്രിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കടയുടമ കൊല്ലപ്പെട്ട വിവരം പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കമ്മീഷണര്‍ കെ.അജില്‍രസന്‍ ബിര്‍നാഥിപൂര്‍ ഗ്രാമത്തില്‍ എത്തിയതായും അധികൃതര്‍ അറിയിച്ചു.

അക്രമികളെ ആരാണെന്ന് വ്യക്തമല്ലെന്നും ഇവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള തെരച്ചില്‍ ഊര്‍ജിതമാണെന്നും പൊലീസ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഇത്തരത്തിലുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലാണ്. വാരണാസിയിലെ ഈ അക്രമസംഭവം അന്താരാഷ്ട്രമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

Content Highlight: in varanasi, a shopkeeper who refused to give cigarettes met a tragic death

Latest Stories