| Thursday, 10th March 2022, 9:56 am

ഉത്തരാഖണ്ഡില്‍ വേട്ടക്കാരുണ്ട് സൂക്ഷിക്കണം, ഞങ്ങള്‍ തന്നെ അധികാരത്തില്‍ വരും: ഹരീഷ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: തെരഞ്ഞെടുപ്പ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കാന്‍ ഉത്തരാഖണ്ഡില്‍ ബി.ജെ.പി ശ്രമിക്കുന്നതായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡില്‍ വേട്ടക്കാരുണ്ടെന്നും സൂക്ഷിക്കണമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.

മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മലയോരമേഖലയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം.

‘ഞങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. ഞങ്ങള്‍ക്ക് പരമാവധി പിന്തുണ ലഭിക്കുന്ന മേഖലകളുടെ ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തും. ഇത് ഉത്തരാഖണ്ഡും അഹങ്കാരവും തമ്മിലുള്ള തെരഞ്ഞെടുപ്പാണ്,”അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിയത്ത് എന്ന് താന്‍ വിശേഷിപ്പിച്ച സംസ്ഥാനത്തിന്റെ സ്വത്വം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് പറഞ്ഞ ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിലെ ജനങ്ങളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പറഞ്ഞു.

പല എക്സിറ്റ് പോളുകളും ഉത്തരാഖണ്ഡില്‍ തൂക്കു നിയമസഭയാണ് പ്രവചിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്വതന്ത്രര്‍ക്കും എ.എ.പി, എസ്.പി, ബി.എസ്.പി, യു.കെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ക്കും വലിയ പങ്കുവഹിക്കാനുള്ള സാധ്യതയാണ് ഇത് ഉയര്‍ത്തുന്നത്. 60 സീറ്റുകളില്‍ 40 മുതല്‍ 45 വരെ ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ പ്രാദേശിക സംഘടനകള്‍ 25-30 സീറ്റുകളില്‍ ത്രികോണ പോരാട്ടം നടത്തുകയാണ്.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ദീപേന്ദര്‍ ഹൂഡ, മുന്‍ കര്‍ണാടക മന്ത്രി എം.ബി. പാട്ടീല്‍, മോഹന്‍ പ്രകാശ് എന്നിവരെ ഒരുമിച്ച് നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്തവണ ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

സംസ്ഥാനത്ത് തങ്ങള്‍ തന്നെ ഭരണത്തില്‍ തുടരുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ട്.

എക്‌സിറ്റ് പോളുകളേക്കാള്‍ കൂടുതല്‍ സീറ്റിന്റെ ഭൂരിപക്ഷത്തിലായിരിക്കും ബി.ജെ.പി വിജയിക്കുകയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.

എക്‌സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത് ബി.ജെ.പി തന്നെ ഉത്തരാഖണ്ഡില്‍ ഭരണത്തില്‍ തുടരുമെന്നാണ്. എക്‌സിറ്റ് പോളില്‍ പറഞ്ഞതിനേക്കാള്‍ സീറ്റുകള്‍ ഞങ്ങള്‍ നേടും. പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Content Highlights: In Uttarakhand, Congress’ Harish Rawat Sure Of Win, Adds A Warning

We use cookies to give you the best possible experience. Learn more