|

ഉത്തരാഖണ്ഡില്‍ ഗോമാംസം കൈയില്‍ വെച്ചന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഗോമാംസം കൈയില്‍ വെച്ചുവെന്നാരോപിച്ച് 22കാരനായ വസീമെന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്.

ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസമാണ് ജിം നടത്തിപ്പുകാരനായ മുസ്‌ലിം യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഗോമാംസം കൈയില്‍ വെച്ചതിനാല്‍ പൊലീസിനെ കണ്ടപ്പോള്‍ യുവാവ് കുളത്തില്‍ ചാടിയതിനാലാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ പൊലീസിന്റെ വാദത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

വസീമിനെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയും ക്രൂരമായി മര്‍ദിച്ചതിനും ശേഷം മൃതപ്രാണനാക്കി കുളത്തിലേക്കെറിഞ്ഞു എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വസീം മര്‍ദനത്തിനിരയായ പാടുകളൊന്നും ഇല്ലെന്നും മുങ്ങിമരണമാണെന്നുമാണ് പൊലീസ് വാദം.

അതേസമയം പൊലീസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് സാക്ഷിമൊഴികളിലൂടെ തെളിഞ്ഞിരുന്നു. വസീമിന്റെ മൃതദേഹം കുളത്തില്‍ നിന്ന് എടുക്കുമ്പോള്‍ പല്ലുകള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്നും കൈകാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടിയിരുന്നുവെന്നും കുടുംബവും നാട്ടുകാരും വ്യക്തമാക്കിയിരുന്നു.

വസീമിനെ രക്ഷിക്കാന്‍ കുളത്തില്‍ ചാടിയവരെ പൊലീസ് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചുവെന്നും വസീം മരിച്ചുവെന്ന് ഉറപ്പ് വരുത്താനായിരുന്നു അതെന്നും എം.എല്‍.എ ഖാസി നിസാമുദ്ദീന്‍ പറഞ്ഞു.

150തില്‍ പരം നാട്ടുകാര്‍ വസീമിന്റെ മരണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയതിന് പുറമേ മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

മുസ്‌ലിം ന്യൂനപക്ഷത്തിനുനേരെയുള്ള നിരന്തരമായ ആക്രമണത്തെയാണ് വസീമിന്റെ കൊലപാതകം ചൂണ്ടിക്കാട്ടുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യുവാവിന് നീതിയുറപ്പാക്കണമെന്നാവശ്യപ്പെട്ട് റൂര്‍ക്ക് കോടതിക്ക് മുമ്പില്‍ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് നേതാക്കള്‍ സമരം നടത്തി.

മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പ്രതിപക്ഷ നേതാവ് യശ്പാല്‍ ആര്യ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. പൊലീസിന്റെ അതിക്രൂരമായ പീഡനത്തിനിരയായ വസീമിന്റെ കൊലപാതകത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹരീഷ് റാവത്ത് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെ കണ്ടിരുന്നു. സമരം ആവശ്യപ്പെടുകയാണെങ്കില്‍ ദല്‍ഹിയിലേക്കും വ്യാപിപ്പിക്കുമെന്നും റാവത്ത് പറഞ്ഞു.

Content Highlight: in uttarakhand, a youth was killed for allegedlly keeping beef in his hand; congress protested