| Sunday, 28th July 2024, 9:08 pm

കന്‍വാര്‍ തീര്‍ത്ഥാടകര്‍ വാഹനം തകര്‍ത്ത സംഭവം; ഉത്തര്‍പ്രദേശില്‍ കൂടുതല്‍ ഗതാഗത നിയന്ത്രണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന ഗാസിയാബാദിലെ റോഡുകളില്‍ ഗതാഗത നിയന്ത്രണം വര്‍ധിപ്പിച്ചു. തങ്ങളെ ഇടിച്ചിട്ടെന്ന് ആരോപിച്ച് യു.പിയിലെ മുറാദ്നഗറില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ വാഹനം തകര്‍ത്ത സംഭവത്തെ തുടര്‍ന്നാണ് നടപടി. മുറാദ്നഗര്‍ സ്വദേശി നൗബഹര്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കന്‍വാരിയര്‍ തകര്‍ത്തത്.

തുടര്‍ന്ന് തീര്‍ത്ഥാടകരും മറ്റു യാത്രക്കാരും തമ്മിലുണ്ടായ സംഘര്‍ഷം സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഗംഗാ ജലം കന്‍വാരിയര്‍ക്ക് നല്‍കിയാണ് പൊലീസ് പരിഹരിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗാസിയാബാദിന് പുറമെ യു.പിയിലെ മറ്റ് ജില്ലകളിലും സുരക്ഷ ശക്തമാക്കിയതായി പൊലീസ് കമ്മീഷണര്‍ അജയ് കുമാര്‍ മിശ്ര പറഞ്ഞു.

നിലവില്‍ മോദിനഗറിലെ കദ്രാബാദ് ഗ്രാമത്തില്‍ നിന്ന് മീററ്റ് റോഡ് ട്രൈസെക്ഷന്‍, മോഹന്‍ നഗര്‍, ലോണി റോഡ്, ലിങ്ക് റോഡ് ഉള്‍പ്പെടെയുള്ള യു.പി-ദല്‍ഹി അതിര്‍ത്തിയിലേക്കുള്ള ഗാസിയാബാദ് ജില്ലയുടെ പ്രധാന പോയിന്റുകളില്ലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം യു.പിയിലെ മുസാഫര്‍നഗര്‍, സഹാറന്‍പൂര്‍, ഹരിദ്വാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ രീതിയിലാണ് കന്‍വാര്‍ തീര്‍ത്ഥാടകരാല്‍ മുസ്‌ലിങ്ങൾ ആക്രമിക്കപ്പെടുന്നത്. ഗംഗാ ജലം കൊണ്ട് പോകുന്ന കുടത്തിന് ബൈക്ക് തട്ടിയെന്ന് ആരോപിച്ചാണ് സഹാന്‍പൂരില്‍ കട നടത്തുന്ന അമന്‍ കുമാറിനെ കന്‍വാര്‍ തീര്‍ത്ഥാടകര്‍ ആക്രമിച്ചത്. കുമാറിന്റെ പരാതിയില്‍ ഏഴു പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മുസാഫര്‍നഗറിലെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മീനാക്ഷി ചൗക്ക് ഏരിയയ്ക്ക് സമീപം ഒരു സംഘം കന്‍വാരിയര്‍ മാനസിക വെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മര്‍ദിച്ചുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിച്ച മാങ്ങയുടെ ഭാഗങ്ങള്‍ പെട്രോള്‍ പമ്പ് പരിസരത്തേക്ക് വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനുപിന്നാലെ പമ്പ് ജീവനക്കാരെ ഒരു കൂട്ടം കന്‍വാരിയര്‍ മര്‍ദിക്കുകയും ചെയ്തിരുന്നു.

Content Highlight: In Uttar Pradesh, traffic restrictions have been tightened on roads in Ghaziabad, where Kanwar pilgrims pass through

We use cookies to give you the best possible experience. Learn more