ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടക പാതയിലെ കച്ചവടക്കാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ യു.പി പൊലീസിനെതിരെ രൂക്ഷവിമര്‍ശനം. നിര്‍ദേശം ഭരണഘടനാവിരുദ്ധമാണെന്ന് അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പൊലീസ് നിര്‍ദേശം അനുസരിച്ച് കടയുടമകള്‍ ഹോട്ടലുകളുടെ പേര് മാറ്റിത്തുടങ്ങിയ സാഹചര്യത്തിലാണ് വിമര്‍ശനം.
കടയുടെ നെയിം ബോര്‍ഡിനൊപ്പം ഉടമയുടെ പേര് കൂടെ നല്‍കണമെന്നായിരുന്നു മുസാഫര്‍നഗര്‍ പൊലീസ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. തീര്‍ത്ഥാടകര്‍ക്ക് കടയുടമ മുസ്‌ലിമാണെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് നെയിം ബോര്‍ഡില്‍ ഉടമയുടെ വിവരങ്ങള്‍ കൂടെ നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചത്.
എന്നാല്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് യു.പി പൊലീസ് ഇത്തരത്തിലൊരു നിര്‍ദേശം പുറപ്പെടുവിച്ചതെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ഔദ്യോഗിക ഉത്തരവിലൂടെയല്ല യു.പി പൊലീസ് കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാത്ത പക്ഷം വിഷയത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഉത്തരവില്‍ കടയുടമകളോട് സ്വമേധയാ പേര് മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് പറയുന്നത്. അതേസമയം നിര്‍ദേശം പൊലീസിന്റെ ‘ഓര്‍ഡര്‍’ ആണെന്നും പറയുന്നു. എന്നാല്‍ പൊലീസ് ഒരു പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കുന്നുണ്ടെങ്കില്‍, അതിനെ സാധൂകരിക്കുന്ന നിയമവും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ കടാര്‍ക്കി വ്യക്തമാക്കി. ഉത്തരവ് പുറപ്പെടുവിച്ചത് തങ്ങളാണെന്ന് പൊലീസ് സമ്മതിച്ചാല്‍ മാത്രമേ നിയമപരമായി വിഷയത്തെ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കടാര്‍ക്കി പറഞ്ഞു.
യു.പി പൊലീസ് പുറപ്പെടുവിച്ച നിര്‍ദേശം ഭരണഘടനയുടെ 21 വകുപ്പ് പ്രകാരം ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്. ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ പേരുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നില്ല.
നിലവില്‍ കന്‍വാറിലെ കടയുടമകള്‍ ഹോട്ടലുകളുടെ പേരുകള്‍ വഖീല്‍ സാഹബ് ടീ സ്റ്റാള്‍, ആരിഫ് ഫ്രൂട്ട്സ് എന്നിങ്ങനെയല്ലാം മാറ്റിയിട്ടുണ്ട്. ശിവധാബ എന്ന ഹോട്ടലിന്റെ പേര് വിഷംഭര്‍ നാഥ് ധാബ എന്നാക്കി മാറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ‘ചായ് ലവേഴ്സ് പോയിന്റില്‍’ നിന്നാണ് ‘വഖീല്‍ സാഹബ് ടീ സ്റ്റാള്‍’ എന്ന പേരിലേക്ക് കടയുടമ മാറിയത്.
Content Highlight: In Uttar Pradesh, the UP Police has been heavily criticized for the instructions given to the vendors on the Kanwar Pilgrimage Path