ഉത്തര്‍പ്രദേശില്‍ 'അമൃത്' എന്ന് പറഞ്ഞ് തീര്‍ത്ഥാടകര്‍ കുടിക്കുന്നത് എ.സിയിലെ വെള്ളം; വീഡിയോ
national news
ഉത്തര്‍പ്രദേശില്‍ 'അമൃത്' എന്ന് പറഞ്ഞ് തീര്‍ത്ഥാടകര്‍ കുടിക്കുന്നത് എ.സിയിലെ വെള്ളം; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2024, 5:53 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് എ.സിയിലെ വെള്ളം കുടിച്ച് തീര്‍ത്ഥാടകര്‍. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം.

നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ നിന്ന് ഈ വെള്ളം കുടിച്ചിരിക്കുന്നത്. പ്രതിദിനം ഏകദേശം 10,000 മുതല്‍ 15,000 വരെ ആളുകള്‍ എത്തുന്ന ക്ഷേത്രം കൂടിയാണിത്.


ആളുകള്‍ ക്യൂവില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.

ക്ഷേത്രത്തിലെ ഒരു ചുമരില്‍ നിര്‍മിച്ചിട്ടുള്ള ആനയുടെ തല പോലുള്ള രൂപത്തില്‍ നിന്നാണ് വെള്ളം പുറത്തേക്ക് വരുന്നത്. ഇത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമെന്നാണ് ക്ഷേത്ര അധികൃതര്‍ ഭക്തരെ വിശ്വസിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ആനയുടെ തുമ്പിക്കയ്യിലൂടെ പുറത്തേക്ക് വരുന്ന വെള്ളം എ.സിയിലെ വെള്ളമാണെന്ന് ചൂണ്ടിക്കാട്ടി ഒരു യൂട്യൂബര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ക്ഷേത്ര അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.


വെളളം അമൃത് എന്ന് പറഞ്ഞ് കൈപ്പറ്റുന്നവര്‍ക്കെതിരെയും ഇപ്പോള്‍ വിമര്‍ശനമുണ്ട്. വിദ്യാഭ്യാസത്തിനാണ് സമൂഹം പ്രാധാന്യം നല്‍കേണ്ടതെന്നും അന്ധമായ വിശ്വാസങ്ങള്‍ ഇത്തരത്തിലുള്ള കുഴികളില്‍ ചാടിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണമുണ്ട്.

ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ക്ക് ലഭിക്കുന്നത് കൂളിങ് പ്രസാദമാണെന്നും എല്‍ജിയുടെ എ.സികള്‍ ഉടനെ ദൈവത്തിന്റെ മറ്റൊരു അവതാരമാകുമെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.

എന്നാല്‍ സംഭവത്തില്‍ ക്ഷേത്ര അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഥുരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം യു.പിയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്.

Content Highlight: In Uttar Pradesh pilgrims used to drink AC water thinking it was ‘amrit’