| Wednesday, 23rd November 2022, 11:32 am

യു.പിയില്‍ എച്ച്.ഐ.വി പോസിറ്റീവായ ഗര്‍ഭിണിയെ ഡോക്ടര്‍മാര്‍ തൊടാന്‍ പോലും തയ്യാറായില്ലെന്ന് കുടുംബം; ഗര്‍ഭസ്ഥശിശു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മോശം പെരുമാറ്റവും അനാസ്ഥയും കാരണം എച്ച്.ഐ.വി പോസിറ്റീവായ സ്ത്രീയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. പ്രസവത്തിനായി സ്ത്രീ ലേബര്‍ റൂമിലേക്ക് കയറിയെങ്കിലും എച്ച്.ഐ.വി ബാധിതയായത് കാരണം മണിക്കൂറുകളോളം അവരെ തൊടാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

യു.പിയിലെ ഫിറോസാബാദിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

ഹോസ്പിറ്റല്‍ ചീഫ് ഇടപെട്ടതിന് ശേഷം മാത്രമാണ് ഡോക്ടര്‍മാര്‍ 20 വയസുകാരിയുടെ പ്രസവമെടുക്കാന്‍ വേണ്ടി വന്നത്. ആറ് മണിക്കൂറിലധികം പെണ്‍കുട്ടി വേദന സഹിച്ചുകൊണ്ട് നിന്നെന്നും എന്നാല്‍ അവിടത്തെ ഒരു ഡോക്ടര്‍മാര്‍ പോലും അവളെ തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുട്ടി മരിക്കുകയായിരുന്നു.

”ഞങ്ങള്‍ ആദ്യം അവളെ ഒരു പ്രൈവറ്റ് ആശുപത്രിയിലേക്കായിരുന്നു കൊണ്ടുപോയത്. അവസ്ഥ കുറച്ച് കോംപ്ലിക്കേറ്റഡ് ആണെന്നും 20,000 രൂപ കെട്ടിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്റെ കയ്യില്‍ പണമില്ലായിരുന്നു.

അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഞങ്ങളവളെ കൊണ്ടുവന്നത്. അവര്‍ ഡോക്ടര്‍മാര്‍ എന്റെ മകളെ ഒന്ന് തൊടാന്‍ പോലും തയ്യാറായില്ല. അവള്‍ കടുത്ത വേദന സഹിച്ചുകൊണ്ട് കിടക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ആശുപത്രിയുടെ ചുമതലയുള്ള മാഡത്തിനെ ഞാന്‍ വിളിച്ചു. അവര്‍ വന്ന് ഇടപെട്ടതിന് ശേഷമാണ് രാത്രി ഒമ്പതരയോടെ ഡോക്ടര്‍മാര്‍ വന്ന് ഇവളുടെ ഓപ്പറേഷന്‍ നടത്തിയത്,” പെണ്‍കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ആറ് മണിക്കൂറുകളോളം പെണ്‍കുട്ടി പ്രസവവേദന സഹിച്ച് കിടന്നുവെന്നും എന്നാല്‍ ഒരു ഡോക്ടര്‍മാര്‍ പോലും തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടി എച്ച്.ഐ.വി പോസിറ്റീവാണെന്ന കാര്യം കുടുംബം ഡോക്ടര്‍മാരെ അറിയിച്ചിരുന്നില്ലെന്നാണ് ഹോസ്പിറ്റല്‍- ഇന്‍- ചാര്‍ജ് സംഗീത അനേജ പ്രതികരിച്ചത്.

”വൈകീട്ട് മൂന്ന് മണിയോട് കൂടിയാണ് രോഗി ആശുപത്രിയിലെത്തിയത്. അവരുടെ എച്ച്.ഐ.വി പോസിറ്റീവ് സ്റ്റാറ്റസിനെ കുറിച്ച് കൂടെയുണ്ടായിരുന്നവരാരും ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നില്ല.

സംഭവത്തെ കുറിച്ച് അറിഞ്ഞയുടനെ ഞാന്‍ ആശുപത്രിയിലെത്തിയിരുന്നു. ഞാന്‍ എല്ലാവരുമായി സംസാരിച്ചു. പേഷ്യന്റ് എച്ച്.ഐ.വി പോസിറ്റീവാണെന്ന് അറിയാതിരുന്നതുകൊണ്ട് തന്നെ സാധാരണ മറ്റ് പേഷ്യന്റ്‌സിന് ചെയ്യുന്ന അതേ ടെസ്റ്റുകള്‍ തന്നെയാണ് ഇവര്‍ക്കും ചെയ്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രാത്രി ഒമ്പത് മണിയോടെയാണ് ഡെലിവറി നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്ന പക്ഷം സംഭവത്തില്‍ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കും,” സംഗീത അനേജ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlight: In Uttar Pradesh doctors in govt hospital refused to touch HIV positive woman and she lost baby, Family says

We use cookies to give you the best possible experience. Learn more