| Sunday, 6th November 2022, 11:16 am

തോട്ടത്തില്‍ നിന്നും പേരക്ക പറിച്ചതിന് യു.പിയില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തോട്ടത്തില്‍ നിന്നും പേരക്ക പറിച്ചതിന് ഉത്തര്‍ പ്രദേശില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു. യു.പിയിലെ അലിഗഡ് ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

25 വയസുള്ള ഓംപ്രകാശ് എന്നയാളാണ് ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ യു.പി പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥരായ ഭീംസെന്‍ (Bhimsen), ബന്‍വാരിലാല്‍ (Banwarilal) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഐ.പി.സി സെക്ഷന്‍ 302 (കൊലപാതകം), എസ്.സി- എസ്.ടി ആക്ടിലെ സെക്ഷന്‍ 3(2)(v) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതികള്‍ വടികൊണ്ട് ഓംപ്രകാശിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നും ഇതേത്തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. ‘പേരക്ക കട്ടെടുത്തു’, എന്നാരോപിച്ചായിരുന്നു മര്‍ദനം.

ഇന്ത്യാ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

”എന്റെ സഹോദരന്‍ പുറത്തുപോയതായിരുന്നു. വീട്ടിലേക്ക് മടങ്ങിവരുന്ന വഴി അവന്‍ തോട്ടത്തില്‍ നിന്നും ഒരു പേരക്ക പറിച്ച് കഴിച്ചു.

അവന്റെ കയ്യില്‍ പേരക്ക കണ്ട ചില പ്രദേശവാസികള്‍, തോട്ടത്തിന്റെ ഉടമസ്ഥരായ ഭീംസെനിനും ബന്‍വാരിലാലിനുമൊപ്പം വന്ന് അവനെ ക്രൂരമായി തല്ലുകയായിരുന്നു. ലാത്തികളും മറ്റ് കനമേറിയ വസ്തുക്കളുമുപയോഗിച്ച് ബോധം പോകുന്നത് വരെ അവനെ തല്ലി.

അവന്റെ ശരീരത്തില്‍ കുറേ പാടുകളുണ്ടായിരുന്നു. ഒരു പയ്യന്‍ വന്ന് പറഞ്ഞപ്പോഴാണ് ഞങ്ങള്‍ കാര്യങ്ങളറിയുന്നത്,” ഓംപ്രകാശിന്റെ സഹോദരന്‍ സത്യപ്രകാശ് പറഞ്ഞു.

ഓംപ്രകാശ് ആക്രമിക്കപ്പെട്ടതിന് പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നാലെ തന്നെ മരണം സംഭവിക്കുകയായിരുന്നു.

ഓംപ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

സംഭവത്തിന്മേല്‍ ബാക്കി നിയമനടപടികള്‍ നടന്നുവരികയാണെന്ന് സര്‍ക്കിള്‍ ഓഫീസര്‍ അഭയ് കുമാര്‍ പ്രതികരിച്ചു.

Content Highlight: In Uttar Pradesh Dalit man beaten to death for plucking guava

We use cookies to give you the best possible experience. Learn more