| Saturday, 15th October 2022, 6:55 pm

യു.പിയില്‍ കടയുടെ മുന്നിലുള്ള ബള്‍ബ് മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കടയുടെ പുറത്തുനിന്ന് ബള്‍ബ് മോഷ്ടിച്ച പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം.

ഇയാള്‍ ബള്‍ബ് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍സ്റ്റബിള്‍ രാജേഷ് വര്‍മയെ സസ്‌പെന്‍ഡ് ചെയ്തത്.

ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഒക്ടോബര്‍ ആറിനായിരുന്നു സംഭവം നടന്നത്. ദസറ ആഘോഷ സമയത്ത് നൈറ്റ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന്‍ ഡ്യൂട്ടിക്കിടെയാണ് ബള്‍ബ് മോഷ്ടിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇയാള്‍ കടയുടെ മുന്നിലേക്ക് നടന്നു വരുന്നതും ബള്‍ബ് ഊരിയെടുത്ത ശേഷം പോക്കറ്റിലിട്ട് തിരിച്ച് പോകുന്നതും വീഡിയോയില്‍ കാണാം.

സംഭവം നടന്ന പിറ്റേ ദിവസം കടയിലെത്തിയ ഷോപ്കീപ്പേഴ്‌സ് ബള്‍ബ് കാണാതായതറിഞ്ഞ് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്.

ഈയിടെയായിരുന്നു ഈ പൊലീസുകാരന് പ്രൊമോഷന്‍ ലഭിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഫുല്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്.

അതേസമയം, താന്‍ ബള്‍ബ് അവിടെ നിന്ന് ഊരിയെടുത്ത് തനിക്ക് ഡ്യൂട്ടിയുണ്ടായിരുന്ന സ്ഥലത്ത് ഇടുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസുകാരന്‍ പറയുന്നത്. ഡ്യൂട്ടിയിലായിരുന്ന സ്ഥലത്ത് ഇരുട്ടായതിനാലാണ് ബള്‍ബ് ഊരിയതെന്നും ഇദ്ദേഹം പറയുന്നു.

യു.പി പൊലീസില്‍ ഇത് രണ്ടാമതായാണ് ഇത്തരമൊരു മോഷണ സംഭവം നടക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാണ്‍പൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നയാളുടെ പോക്കറ്റില്‍ നിന്നും ഒരു പൊലീസുകാരന്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവവും വലിയ വാര്‍ത്തയായിരുന്നു.

Content Highlight: In Uttar Pradesh Cop Steals Bulb From Shop, got suspended

We use cookies to give you the best possible experience. Learn more