| Wednesday, 20th March 2024, 10:46 am

പള്ളിക്ക് വേണ്ടി സംഭാവന പിരിക്കാനെത്തിയ യുവാവിന് മര്‍ദനം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പള്ളിക്ക് വേണ്ടി സംഭാവന പിരിക്കാനെത്തിയ യുവാവിന് മര്‍ദനം. നോയിഡയിലെ സലാര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.

മദ്യപിച്ചെത്തിയ ഒരാള്‍ യുവാവിനെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു. യുവാവിനെ ഇയാള്‍ അധിക്ഷേപിക്കുകയും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ പ്രതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

ബീഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നെത്തിയ അബ്ദുള്‍ അസീസിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ 45കാരനായ പ്രദേശവാസി നീരജ് ഭാട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരയുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡി.സി.പി വിദ്യാ സാഗര്‍ മിശ്ര പറഞ്ഞു.

യുവാവിനെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് യുവാവിന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തി. പ്രതിക്കെതിരെ പൊലീസ് കടുത്ത നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഡി.സി.പി മിശ്ര, അഡീഷണല്‍ ഡി.സി.പി മനീഷ് മിശ്ര, എസി.പി-1 പ്രവീണ്‍ സിങ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ കേസില്‍ നേരിട്ട് അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: In Uttar Pradesh, a young man was beaten up for collecting donations for a mosque

We use cookies to give you the best possible experience. Learn more