ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി എം.എല്‍.എയെ വേദിയില്‍ വെച്ച് ഒരു കര്‍ഷകന്‍ പരസ്യമായി കരണത്തടിച്ചത്. ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്തയ്ക്കായിരുന്നു തിങ്ങി നിറഞ്ഞ സദസിന് മുന്നില്‍ വെച്ച് കര്‍ഷകനോട് അടി വാങ്ങേണ്ടി വന്നത്.
എന്നാല്‍ കര്‍ഷകന്‍ തന്നെ തല്ലിയതല്ലെന്നും തലോടിയതാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പങ്കജ് ഗുപ്ത. വേദിയില്‍ തനിക്കരികിലേക്കെത്തിയ ആ കര്‍ഷകന്‍ തന്റെ ചാച്ചയാണെന്നും അദ്ദേഹം പതിവായി ചെയ്യാറുള്ളതുപോലെ തന്റെ മുഖത്ത് തലോടിയതാണെന്നുമായിരുന്നു പങ്കജ് ഗുപ്ത പറഞ്ഞത്.
വ്യാജമായ പ്രചരണങ്ങളാണ് തനിക്കെതിരെ ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് എങ്ങനെയെങ്കിലും ജയിക്കാനുള്ള ശ്രമമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്ലെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞു.
നിങ്ങള്‍ കണ്ട, വ്യാപകമായി പ്രചരിച്ച ആ വീഡിയോയിലുള്ളത് എന്റെ ചാച്ചയാണ്. അദ്ദേഹം ഒരിക്കലും എന്നെ തല്ലിയതല്ല. പതിവായി ചെയ്യാറുള്ളത് പോലെ എന്റെ കവിളില്‍ തലോടുക മാത്രമായിരുന്നു, എന്നായിരുന്നു വയോധികനെ അടുത്തിരുത്തിക്കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കജ് ഗുപ്ത പറഞ്ഞത്.
സംഭവത്തെ പ്രതിപക്ഷം വളച്ചൊടിച്ച് തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്നും കര്‍ഷകര്‍ മുഴുവന്‍ മോദിക്ക് എതിരാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
എം.എല്‍.എയെ താന്‍ തല്ലിയില്ലെന്നും അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ചില കാര്യങ്ങള്‍ പറയുകയായിരുന്നു എന്നുമായിരുന്നു കര്‍ഷകന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എം.എല്‍.എയുമായി തനിക്ക് യാതൊരു പ്രശ്നമില്ലെന്നും കര്‍ഷകന്‍ ഛത്രപാല്‍ പറഞ്ഞു.
ശഹീദ് ഗുലാബ് സിംഗ് ലോധി ജയന്തിയുടെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെയാണ് കര്‍ഷകന്‍ എം.എല്‍.എയെ തല്ലിയത്.
വേദിയിലേക്ക് കയറിവന്ന കര്‍ഷകന്‍ സദസിലരിക്കുന്ന എം.എല്‍.എയെ അടിക്കുകയായിരുന്നു. പെട്ടന്നുണ്ടായ സംഭവം കണ്ട് എല്ലാവരും അമ്പരക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. സമാജ്വാദി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
‘ഉന്നാവോയിലെ സദറില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്ത സംഘടിപ്പിച്ച പൊതുയോഗത്തില്‍ വെച്ചാണ് കര്‍ഷക നേതാവ് വേദിയില്‍ വെച്ച് പരസ്യമായി അദ്ദേഹത്തെ തല്ലിയത്.
കര്‍ഷകന്റെ ഈ അടി ബി.ജെ.പി എം.എല്‍.എയുടെ മുഖത്തേറ്റ അടിയല്ല, മറിച്ച് ബി.ജെ.പി ഭരിക്കുന്ന യു.പിയിലെ ആദിത്യനാഥ് സര്‍ക്കാരിന്റെ ഏകാധിപത്യനയങ്ങള്‍ക്കും ദുര്‍ഭരണത്തിനും ഏറ്റ അടിയാണ്,’ എന്ന ക്യാപ്ഷനോടെയാണ് സമാജ്വാദി പാര്‍ട്ടി വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
തങ്ങളുടെ പ്രധാന നേതാക്കള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ അമ്പരന്നിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കര്‍ഷകര്‍ പഞ്ചാബില്‍ തടഞ്ഞത്. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 20 മിനിറ്റോളമാണ് പ്രധാനമന്ത്രി വഴിയില്‍ കിടക്കേണ്ടി വന്നത്.
പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രിയെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്‌ളൈ ഓവറില്‍ കര്‍ഷകര്‍ തടയുകയായിരുന്നു.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ലഖ്‌നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്.
ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: In UP, A BJP MLA, A Slap, And Then A Clarification