ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ആഘാതം വീണ്ടുമുയരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ച 97 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് പോലും തിരികെ പിടിക്കാനാവാതെ വന്നതോടെയാണ് കോണ്‍ഗ്രസിന്റെ നാണക്കേടിന്റെ തോത് വീണ്ടുമുയര്‍ന്നത്.
399 സീറ്റുകളില്‍ മത്സരിച്ച ദേശീയ പാര്‍ട്ടി രണ്ട് സീറ്റില്‍ മാത്രം ജയിച്ചപ്പോള്‍, 387 ഇടത്തും കെട്ടിവെച്ച കാശ് പോലും തിരികെ പിടിക്കാനായില്ല. ഓരോ മണ്ഡലത്തിലും പോള്‍ ചെയ്ത ആകെ വോട്ടിന്റെ ആറിലൊന്ന് തങ്ങളുടെ പെട്ടിയിലാക്കാന്‍ പറ്റാതെ വന്നതോടെയാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശും നഷ്ടമായിരിക്കുന്നത്.
അഖിലേഷ് യാദവ് മത്സരിച്ച കര്‍ഹാല്‍ മണ്ഡലത്തിലും ശിവ്പാല്‍ യാദവ് മത്സരിച്ച ജസ്വന്ത് നഗറിലും ഇരുവരോടുമുള്ള ബഹുമാനസൂചകമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഇവര്‍ക്കെതിരെയും കോണ്‍ഗ്രസ് മത്സരിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഇനിയും കൂടിയേനേ.
സീറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല, വോട്ടുവിഹിതത്തിലും കോണ്‍ഗ്രസ് ഏറെ പിന്നിലാണ്. പല പ്രാദേശിക പാര്‍ട്ടികളെക്കാളും കുറഞ്ഞ വോട്ടാണ് കോണ്‍ഗ്രസിന് ആകെ നേടാനായത്.
2.4 ശതമാനം വോട്ട് മാത്രം കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍, ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദളിന് (ആര്‍.എല്‍.ഡി) 2.9 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
മായാവതിയുടെ ബി.എസ്.പി സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്. 403 സീറ്റുകളില്‍ മത്സരിച്ച ബി.എസ്.പിയുടെ 290 സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്.
സംസ്ഥാനത്തെ ഭരണം പിടിച്ച ബി.ജെ.പിക്കും മുഖ്യപ്രതിപക്ഷമാകാനൊരുങ്ങുന്ന എസ്.പിക്കും ചില മണ്ഡലങ്ങളില്‍ കാശ് പോയിട്ടുണ്ട്. 376 സീറ്റില്‍ മത്സരിച്ച ബി.ജെ.പിക്ക് മൂന്നിടത്തും 347 സീറ്റില്‍ മത്സരിച്ച എസ്.പിക്ക് ആറിടത്തും കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്.
എസ്.പിയുടെ സഖ്യകക്ഷിയായ ആര്‍.എല്‍.ഡിക്ക് മൂന്നിടത്തും എസ്.ബി.എസ്.പി-അപ്‌നാ ദള്‍ എന്നിവര്‍ക്ക് എട്ടിടത്തും കാശ് നഷ്ടമായി.
എന്നാല്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്‌നാ ദള്‍ (സോണിലാല്‍) നിഷാദ് പാര്‍ട്ടി എന്നിവര്‍ക്കാണ് കെട്ടിവെച്ച കാശ് പോകാതിരുന്നത്. മത്സരിച്ച 27 സീറ്റിലും ഇവര്‍ കെട്ടി വെച്ച കാശ് തിരികെ പിടിച്ചു. ഈയൊരര്‍ത്ഥത്തില്‍ ബി.ജെ.പിയെക്കാളും സമാജ്‌വാദിയെക്കാളും സ്‌ട്രൈക്ക് റേറ്റ് ഇരുപാര്‍ട്ടികള്‍ക്കും അവകാശപ്പെടാനാവും.
ആകെ പോള്‍ ചെയ്യുന്ന വോട്ടിന്റെ ആറിലൊന്ന് നേടാന്‍ സാധിക്കാതെ വരുമ്പോളാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമാവുന്നത്.
ഉത്തര്‍പ്രദേശില്‍ ആകെ മത്സരിച്ച 4,442 സ്ഥാനാര്‍ത്ഥികളില്‍ 3,522 പേര്‍ക്കും, അതായത് 80 ശതമാനത്തോളം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
Content Highlight: In UP, 97% of Congress candidates lost their election deposits