ഉന്നാവോ; ബി.ജെ.പിയുടെ പങ്ക് അവസാനിക്കുന്നില്ല; ഏഴാം പ്രതി ബി.ജെ.പിയുടെ ഉന്നാവോ ബ്ലോക്ക് പ്രസിഡന്റ്
India
ഉന്നാവോ; ബി.ജെ.പിയുടെ പങ്ക് അവസാനിക്കുന്നില്ല; ഏഴാം പ്രതി ബി.ജെ.പിയുടെ ഉന്നാവോ ബ്ലോക്ക് പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2019, 4:17 pm

ലഖ്‌നൗ: ഉന്നാവോ സംഭവത്തില്‍ ബി.ജെ.പിക്ക് മേല്‍ കുരുക്ക് മുറുകുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന് പുറമെ ബി.ജെ.പി നേതാവും ഉന്നാവോയിലെ ബ്ലോക് പ്രസിഡന്റുമായ അരുണ്‍ സിങ് എന്നയാളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്.

പൊലീസും സി.ബി.ഐയും ഇട്ട എഫ്.ഐ.ആറില്‍ പ്രതിപ്പട്ടികയില്‍ ഏഴാമതായിട്ടാണ് ഇയാളുടെ പേരുള്ളത്. ഉന്നാവോയില്‍ പെണ്‍കുട്ടി താമസിക്കുന്നേ അതേ ഗ്രാമത്തിലെ ബി.ജെ.പിയുടെ പ്രധാന നേതാവ് കൂടിയാണ് അരുണ്‍ സിങ്. കുല്‍ദീപ് സെന്‍ഗാറിന്റെ അടുത്ത അനുയായി കൂടിയാണ് ഇയാള്‍.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബി.ജെ.പി നേതാക്കളായ സാക്ഷി മഹാരാജിനും അമിത് ഷായ്ക്കും കുല്‍ദീപ് സിങ് സെന്‍ഗാറിനുമൊപ്പം നില്‍ക്കുന്ന അരുണ്‍ സിങ്ങിന്റെ ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

യു.പി മന്ത്രി രാണ്‍വേന്ദ്ര പ്രതാപ് സിങ്ങിന്റെ മരുമകന്‍ കൂടിയാണ് അരുണ്‍ സിങ്. ഫത്തേപ്പൂര്‍ ജില്ലയില്‍ നിന്നും മത്സരിച്ച് എം.എല്‍.എയായ വ്യക്തിയാണ് രണ്‍വേന്ദ്ര സിങ്.

കുല്‍ദീപ് സെന്‍ഗാറിനെതിരായ പരാതി പിന്‍വലിക്കാനായി അരുണ്‍ സിങ് പെണ്‍കുട്ടിയേയും കുടുംബത്തേയും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായി സി.ബി.ഐ പുതുതായി എഴുതിയ എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്.

ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും ഏറെ നാളുകള്‍ക്ക് ശേഷമാണ് സംഭവത്തിലെ പ്രധാന പ്രതിയായ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പൊലീസ് നടപടിയെടുത്തത്.

പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തിലും എം.എല്‍.എക്കെതിരെ കുടുബം പരാതി ഉന്നയിച്ചിട്ടും എം.എല്‍.എയെ പ്രതി ചേര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ പൊലീസ് തയ്യാറായിരുന്നില്ല.

വിഷയം വലിയ ചര്‍ച്ചയാവുകയും പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിരോധം സൃഷ്ടിക്കുകയും ചെയ്ത അവസരത്തില്‍ മാത്രമാണ് എം.എല്‍.എയേയും സഹോദരന്‍ മനോജിനേയും എട്ട് അനുനായികളേയും പൊലീസ് പ്രതിപട്ടികയില്‍ ചേര്‍ക്കുന്നത്.