ദുബായില്‍ ഫുഡ് ഡെലിവറി വര്‍ക്കേഴ്‌സ് പ്രതിഷേധ സമരത്തില്‍; വേതന വര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യം
World News
ദുബായില്‍ ഫുഡ് ഡെലിവറി വര്‍ക്കേഴ്‌സ് പ്രതിഷേധ സമരത്തില്‍; വേതന വര്‍ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2022, 5:58 pm

ദുബായ്: യു.എ.ഇയിലെ ദുബായില്‍ ഫുഡ് ഡെലിവറി വര്‍ക്കേഴ്‌സ് പ്രതിഷേധ സമരത്തില്‍. വേതന വര്‍ധനവും മികച്ച തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടാണ് തൊഴിലാളികള്‍ പണിമുടക്കിയത്.

ഡെലിവറി ഹീറോ, എന്ന ജര്‍മന്‍ കമ്പനിയുടെ മിഡില്‍ ഈസ്റ്റ് യൂണിറ്റായ തലാബതിലെ (Talabat) ഡ്രൈവര്‍മാരാണ് ദുബായില്‍ ഫുഡ് ഡെലിവറി നടത്താതെ പ്രതിഷേധിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം മുതലായിരുന്നു ജീവനക്കാര്‍ വാക്കൗട്ട് നടത്തിയത്.

ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് ദുബായില്‍ ഫുഡ് ഡെലിവറി വര്‍ക്കേഴ്‌സ് വേതന വര്‍ധനവും മറ്റും ആവശ്യപ്പെട്ട് പണിമുടക്കി സമരം ചെയ്യുന്നത്.

ഡെലിവെറൂ (Deliveroo) എന്ന ബ്രിട്ടീഷ് ഫുഡ് ഡെലിവറി കമ്പനിയിലെ ഡെലിവറി വര്‍ക്കേഴ്‌സായിരുന്നു നേരത്തെ സമരം ചെയ്തത്.

മികച്ച വേതനം ഡിമാന്‍ഡ് ചെയ്യുന്നതിന് വേണ്ട നടപടിയെടുക്കാന്‍ സമരം ചെയ്യാന്‍ ഡെലിവെറൂ കമ്പനിയിലെ വര്‍ക്കേഴ്‌സ് തങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതായി ചൊവ്വാഴ്ച രാവിലെ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണത്തില്‍ തലാബതിലെ ഡ്രൈവര്‍മാര്‍ പറഞ്ഞു.

ഇന്ധന വില വര്‍ധനവടക്കം ഉണ്ടായ സാഹചര്യത്തിലാണ് വേതന വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികള്‍ സമരം ചെയ്യുന്നത്. ഒരു ഡെലിവറിക്ക് 0.54 ശതമാനം വര്‍ധനവോടെ 2.59 ഡോളര്‍ നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

”Deliveroo ലെ ആളുകള്‍ക്ക് ലബിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ വേതന വര്‍ധനവ് ലഭിക്കാത്തത്,” പാകിസ്ഥാന്‍ സ്വദേശിയായ തലാബത് ഡ്രൈവര്‍ പ്രതികരിച്ചു.

വേതന വര്‍ധനവ് ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് തലാബത് ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ യു.എ.ഇ അധികൃതരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

നിലവില്‍ Deliveroo ലെ ഡ്രൈവര്‍മാര്‍ക്ക് ഒരു ഡെലിവറിക്ക് 2.79 ഡോളര്‍ വീതമാണ് ലഭിക്കുന്നത്.

സ്വതന്ത്ര ട്രേഡ് യൂണിയനുകളും പൊതു സമര പരിപാടികളും മറ്റ് ഇന്‍ഡസ്ട്രിയല്‍ ആക്ഷനുകളും നിരോധിച്ചിട്ടുള്ള രാജ്യമാണ് യു.എ.ഇ.

യു.എ.ഇക്ക് പുറമെ സൗദി, കുവൈത്ത്, ബഹറൈന്‍, ഒമാന്‍, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ് എന്നീ രാജ്യങ്ങളിലും തലാബത്തിന് ബ്രാഞ്ചുകളുണ്ട്.

Content Highlight: In UAE, Dubai food delivery drivers go on strike demanding better pay and working conditions