യു.പി പൊലീസിന് തിരിച്ചടി; ട്വിറ്റര്‍ ഇന്ത്യാ മേധാവിയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി
national news
യു.പി പൊലീസിന് തിരിച്ചടി; ട്വിറ്റര്‍ ഇന്ത്യാ മേധാവിയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th June 2021, 8:43 pm

ന്യൂദല്‍ഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ മേധാവി മനീഷ് മഹേശ്വരിക്ക് അറസ്റ്റില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല സംരക്ഷണം. ഉത്തര്‍പ്രദേശ് പൊലീസ് ഇദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു.

ചോദ്യം ചെയ്യലിനായി മനീഷ് മഹേശ്വരി ഗാസിയാബാദിലേക്ക് പോകേണ്ടതില്ലെന്നും ഓണ്‍ലൈനിലൂടെ ഹാജരായാല്‍ മതിയെന്നുമാണ് കോടതിയുടെ ഉത്തരവ്.

ജൂണ്‍ 29-ലേക്ക് കേസ് മാറ്റിവെച്ചതായി അറിയിച്ച കോടതി അതുവരെ ട്വിറ്റര്‍ എം.ഡിക്കെതിരെ അറസ്റ്റടക്കമുള്ള നടപടികള്‍ ഉണ്ടാകരുതെന്നും യു.പി. പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജി.നരേന്ദ്രറിന്റേതാണ് ഉത്തരവ്.

ഇടക്കാല സംരക്ഷണം നല്‍കുന്നതിനെ എതിര്‍ത്ത യു.പി. പൊലീസ് ഇത് മുന്‍കൂര്‍ ജാമ്യത്തിന് തുല്യമാണെന്ന് വാദിച്ചു. എന്നാല്‍ അന്വേഷണം തടയുന്നില്ലെന്നാണ് കോടതി മറുപടി നല്‍കിയത്. പൊലീസ് അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അത് വെര്‍ച്വല്‍ വഴി ചെയ്യാമെന്നും ജസ്റ്റിസ് നരേന്ദര്‍ പറഞ്ഞു.

രണ്ടു ദിവസത്തിനുള്ളില്‍ തനിക്ക് കിട്ടിയ പൊലീസിന്റെ നോട്ടീസില്‍ സാക്ഷിയില്‍ നിന്ന് പ്രതിയിലേക്ക് താന്‍ മാറിയെന്ന് മനീഷ് മഹേശ്വരി കോടതിയില്‍ വാദത്തിനിടെ പറഞ്ഞു.

‘ജൂണ്‍ 17-ന് യു.പി. പൊലീസ് താന്‍ സാക്ഷിയാണെന്ന് പറഞ്ഞുകൊണ്ടാണ് നോട്ടീസ് നല്‍കിയത്. രണ്ടു ദിവസത്തിന് ശേഷം ലഭിച്ച മറ്റൊരു നോട്ടീസില്‍ സി.ആര്‍.പി.സി. സെക്ഷന്‍ 41 പ്രകാരം തന്നെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം. ആരോപണങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ചില പ്രതികള്‍ വീഡിയോ അപ്‌ലോഡ് ചെയ്തു,” മഹേശ്വരി പറഞ്ഞു.

താന്‍ ബെംഗളൂരുവിലാണെന്നും ഗാസിയാബാദിലേക്ക് വരാന്‍ കഴിയില്ലെന്നും ഓണ്‍ലൈന്‍ വഴി ഹാജരാകാമെന്ന് പൊലീസിനോട് പറയുകയും ചെയ്തുവെന്നും മഹേശ്വരി പറഞ്ഞു.

എന്നാല്‍ നേരിട്ടെത്തണമെന്ന് യു.പി. പൊലീസ് പറയുകയായിരുന്നു.

യു.പി. പൊലീസിന്റെ ഈ നടപടിയെ വിമര്‍ശിച്ച കോടതി അദ്ദേഹത്തോട് ഓണ്‍ലൈനായി ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഗാസിയാബാദ് ലോണി പൊലീസ് സ്റ്റേഷനില്‍ ട്വിറ്റര്‍ എം.ഡിയോട് എത്തിച്ചേരാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സ്റ്റേഷനില്‍ ഹാജരാകാതെ മനീഷ് തിവാരി കര്‍ണാടക ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു.

ഗാസിയാബാദില്‍ വയോധികനെ അക്രമിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തതിന്റെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകരുടെ പേരിലും ട്വിറ്ററിനെതിരേയും യു.പി. പൊലീസ് കേസെടുത്തിരുന്നു.

വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും ഇത് പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: In Twitter India Chief’s Case Against UP Cops, Big Relief From High Court