ടുണിസ്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. പ്രസിഡന്റ് കൈസ് സയീദിന്റെ സര്‍ക്കാരിനെതിരെയാണ് നൂറുകണക്കിന് പേര്‍ പ്രതിഷേധിക്കുന്നത്.
ജൂലൈ മാസത്തില്‍ നടക്കാനിരിക്കുന്ന സര്‍ക്കാര്‍ റെഫറന്‍ഡത്തിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ഭരണഘടന മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് ജൂലൈയില്‍ ഹിതപരിശോധന നടക്കാനിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രസിഡന്റ് വിരുദ്ധ റാലിയും രാജ്യ തലസ്ഥാനത്ത് നടന്നു. ഇലക്ടറല്‍ കമ്മീഷന്‍ തലസ്ഥാനത്തേക്ക് പ്രതിഷേധിച്ചെത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു.
അഞ്ച് ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ടുണീഷ്യന്‍ തലസ്ഥാനമായ ടുണിസില്‍ പ്രതിഷേധം നടക്കുന്നത്.
ജുഡീഷ്യറിയില്‍ പ്രസിഡന്റ് നിരന്തരം ഇടപെടുന്നതിനെതിരെ ജഡ്ജിമാരും രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ടുണീസില്‍ അടിയന്തര യോഗം ചേരുകയും ചെയ്തു.
അഴിമതിയും മറ്റ് കുറ്റകൃത്യങ്ങളും ആരോപിച്ച് 57 ജഡ്ജിമാരെ സയീദ് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് പിരിച്ച് വിട്ടിരുന്നു. ഇതോടെ ജുഡീഷ്യറിയുടെ അധികാരവും കയ്യടക്കുകയായിരുന്നു.