അഗര്‍ത്തല: ഹിന്ദുത്വ വര്‍ഗീയതക്കെതിരെ കഴിയുന്നത്ര വിശാലമായ സഖ്യം കെട്ടിപ്പടുക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
ബി.ജെ.പിക്കെതിരായ വോട്ടുകള്‍ പരമാവധി ഏകോപിപ്പിക്കാന്‍ കഴിയുന്ന അടവുനയം ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടിന് യോജിച്ച അടവുനയമാണ് ത്രിപുരയില്‍ സ്വീകരിക്കുകയെന്നും യെച്ചൂരി അഗര്‍ത്തലയില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഹിന്ദുത്വ വര്‍ഗീയതക്കെതിരെ കഴിയുന്നത്ര വിശാലമായ സഖ്യം കെട്ടിപ്പടുക്കും. ബി.ജെ.പിയെ തോല്‍പ്പിക്കാനുള്ള പോരാട്ടത്തില്‍ സഹകരിക്കാന്‍ തയ്യാറാകുന്ന എല്ലാ മതനിരപേക്ഷ കക്ഷികളുമായും കൈകോര്‍ക്കും.
ഇത്തരത്തില്‍, സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നിലപാടിന് യോജിച്ച അടവുനയമാണ് ത്രിപുരയില്‍ സ്വീകരിക്കുക,’ യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗീയ ധ്രുവീകരണം തന്നെയാണ് 2022ല ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ തന്ത്രമെന്ന് ആര്‍.എസ്.എസ് തലവന്‍ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
പ്രധാനമന്ത്രി വിദേശത്ത് പോയി ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി വിശേഷിപ്പിക്കുന്നു. അദ്ദേഹം വിദേശത്ത് പോകുമ്പോള്‍ ഗാന്ധിജിയുടെ ഭാഷയിലും ഇന്ത്യയില്‍ ഗോഡ്‌സെയുടെ ഭാഷയിലും സംസാരിക്കുന്നു,’ യെച്ചൂരി പറഞ്ഞു.
ത്രിപുരയിലെ ആദിവാസി സമൂഹത്തെ ബി.ജെ.പി വഞ്ചിച്ചുവെന്നും ത്രിപുരയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനമാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.