| Saturday, 26th September 2020, 11:51 am

തൊഴിലാളികള്‍ക്കിനി അവകാശങ്ങളില്ല; ബഹളങ്ങളില്ലാതെ പാസായ ലേബര്‍ കോഡ്

ശ്രിന്‍ഷ രാമകൃഷ്ണന്‍

തൊഴിലില്ലായ്മ നിരക്കില്‍ ഇന്ത്യ സമീപകാല ചരിത്രങ്ങളിലില്ലാത്ത പ്രതിസന്ധി നേരിടുന്ന സമയത്ത്, ദാരിദ്ര്യവും പട്ടിണിയും, അരക്ഷിതാവസ്ഥകളും, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും പൊറുതിമുട്ടിക്കുമ്പോള്‍, ഇന്ത്യന്‍ പാര്‍ലമെന്റില്‍ മറ്റൊരു ബില്‍ കൂടി പാസായിരിക്കുകയാണ്.

തൊഴില്‍ പ്രതിസന്ധികളെ മറികടക്കാന്‍ യുവാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് സഹായകരമായതല്ല പുതിയ ബില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമിക് ട്രെയിനില്‍ തിരികെ മടങ്ങിയ അതിഥി തൊഴിലാളികളുള്‍പ്പെടെയുള്ള ഇന്ത്യയുടെ നട്ടെല്ലായി നിന്നവരെ ഉള്‍ക്കൊള്ളുന്നതുമല്ല പുതിയ ബില്‍.

ഇന്ത്യയുടെ 50 ശതമാനം വരുന്ന കാര്‍ഷിക മേഖലയില്‍ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്നതുമല്ല പുതിയ ബില്‍. മറിച്ച് ഒരു ജനതയുടെ പരാധീനതകള്‍ വര്‍ദ്ധിപ്പിച്ച്, അവരുടെ നടുവൊടിക്കുന്നതാണ് ജനാധിപത്യ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ക്കിടെ അനായാസം പാസായ പുതിയ ബില്‍. അഥവാ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡുകള്‍.

ഒക്കുപ്പേഷനല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്‍ഡ് വര്‍ക്കിങ്ങ് കണ്‍ഡീഷന്‍സ് കോഡ് 2020, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് 2020, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി എന്നിവയാണ് ബുധനാഴ്ച്ച രാജ്യസഭയില്‍ പാസായത്. 2019 ആഗസ്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ നാല് ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ വേജ് കോഡ് അന്ന് പാസാകുകയും ചെയ്തിരുന്നു.

തൊഴിലാളികളുടെ നിയന്ത്രണം, തൊഴിലാളിയും തൊഴില്‍ ദാതാവുമായുള്ള ബന്ധം തുടങ്ങിയ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിലും അവകാശത്തിലും നിര്‍ണായക മാറ്റങ്ങള്‍ വരുത്തുന്നതാണ് പുതിയ ലേബര്‍ കോഡ്.

കേന്ദ്രസര്‍ക്കാര്‍ വളരെ പെട്ടെന്ന് പുതിയ ബില്ലിലേക്ക് എത്തിയ ചരിത്രം ഒന്ന് പരിശോധിക്കാം, ഒറ്റയടിക്ക് നടപ്പിലാക്കിയതല്ല പുതിയ പരിഷ്‌കരണം എന്ന് മനസിലാക്കാന്‍ കൂടിയാണ് ഇത്.

കഴിഞ്ഞ വര്‍ഷമാണ് 29 തൊഴില്‍ നിയമങ്ങള്‍ ഒഴിവാക്കി കൊണ്ട് സര്‍ക്കാര്‍ പുതിയ ലേബര്‍ കോഡ് 4 ബില്ലായി അവതരിപ്പിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നതായിരുന്നു ഈ കോഡുകള്‍. സാമൂഹിക സുരക്ഷ, തൊഴില്‍ സുരക്ഷ, ഇന്‍ഡ്‌സ്ട്രിയല്‍ റിലേഷന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരുന്നു ഇത്.

തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ അന്ന് ഒന്നിച്ച് പ്രക്ഷോഭം ഉയര്‍ത്തുകയും ചെയ്തിരുന്നു. പക്ഷേ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ രാജ്യസഭയിലും ലോക്‌സഭയിലും വേജ് കോഡിനെ അനുകൂലിച്ചു. ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും സമാജ് വാദി പാര്‍ട്ടി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുമാത്രമാണ് എതിര്‍പ്പുയര്‍ന്നത്.\

അങ്ങിനെ ദ കോഡ് വേജ്‌സ് ആക്റ്റ് പാര്‍ലമെന്റില്‍ പാസായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ഓണ്‍ ലേബര്‍ മറ്റ് മൂന്ന് ബില്ലുകളിലും റിപ്പോര്‍ട്ട് വെക്കുകയും ചെയ്തു, ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മുന്ന് ബില്ലുകള്‍ കൂടി പാസായിരിക്കുന്നത്.

പുതിയ നിയമങ്ങളും മാറ്റങ്ങളും

ഇന്റസ്ട്രിയല്‍ റിലേഷന്‍ കോഡ് 2020മായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നത്.

തൊഴില്‍ ചൂഷണങ്ങള്‍ എക്കാലത്തും പ്രശ്‌നമായ ഇന്ത്യ പോലൊരു രാജ്യത്ത് അത്ര നിസാരമായ മാറ്റമല്ല പുതിയ ലേബര്‍ കോഡ് രാജ്യസഭയിലും പാസായതോട് കൂടി നടക്കാന്‍ പോകുന്നത്. പ്രതിപക്ഷം പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തവെയാണ് ആളൊഴിഞ്ഞ രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളുടെ വിധിയെഴുതിയത്.

രണ്ട് ദശാബ്ദങ്ങളോളമായി വലിയ തര്‍ക്കങ്ങളിലൂടെയും വിവാദങ്ങളിലൂടെയും കടന്നുപോയ വിഷയങ്ങളാണ് ഇപ്പോള്‍ വളെര അനായാസം പാര്‍ലമെന്റില്‍ പാസായിരിക്കുന്നത്.

സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശത്തില്‍ കൂടുതല്‍ നിബന്ധനകള്‍ വെക്കുന്നതാണ് ഇന്‍ഡ്‌സ്ട്രിയല്‍ റിലേഷന്‍ കോഡ്. തൊഴിലുടമകള്‍ക്കാകട്ടെ തൊഴിലാളികളെ പിരിച്ചുവിടുന്നത് വളരെ എളുപ്പവുമാകുന്നു.

300 പേര്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുള്ള തൊഴിലാളികളെ പിരിച്ചുവിടാനോ ലേ ഓഫ് ചെയ്യാനോ ഇനിമുതല്‍ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ട.

നേരത്തെ 100 പേരുള്ള കമ്പനികള്‍ക്ക് തൊഴിലാളികളെ പിരിച്ചുവിടണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമായിരുന്നു. ഈ വ്യവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തത്. ഫലത്തില്‍ തൊഴിലിടം ഉടമകള്‍ക്ക് മാത്രം അനുകൂലമായൊരിടമായി മാറുകയാണ്.

ഇത് കൂടുതല്‍ വ്യവസയാങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. കൂടുതല്‍ വ്യവസായങ്ങള്‍ എന്നാല്‍ കൂടുതല്‍ തൊഴില്‍ ചൂഷണം എന്നാണോ ഉദ്ദേശിക്കുന്നതെന്ന് തൊഴിലാളികളും ചോദിക്കുന്നു. എന്നാല്‍ പുതിയ പരിഷ്‌കരണങ്ങള്‍ അനിവാര്യമാണെന്നും തൊഴിലാളികളുടെയും വ്യവസായങ്ങളുടെയും ക്ഷേമം ഒരുപോലെ ഉറപ്പുവരുത്തുന്നതാണ് പുതിയ ബില്‍ എന്നുമാണ് തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ രാജ്യസഭയില്‍ പറഞ്ഞത്.

എന്നാല്‍ നോര്‍ത്ത് അമേരിക്കയിലുള്ളത് പോലെ ഹയര്‍ ആന്‍ഡ് ഫയര്‍ സംവിധാനത്തിലേക്കാണ് ഇത് വഴിവെക്കുക എന്നാണ് ലേബര്‍ എക്കണോമിസ്റ്റ് കെ.ആര്‍ ശ്യാം പറയുന്നത്.

നേരത്തെ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് 30-90 ദിവസം വരെ മുന്‍പ് നോട്ടീസ് നല്‍കണമായിരുന്നു. എന്നാല്‍ ഇനി അത് ആവശ്യമില്ല. ഒരു വ്യവസായ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അറുപത് ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെ സമരം ചെയ്യാന്‍ സാധിക്കില്ലെന്നതാണ് മറ്റൊരു നിബന്ധന.

ലേബര്‍ എന്നത് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കാതെയാണ് പുതിയ ലേബര്‍ കോഡ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തെ 90 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികളെക്കുറിച്ചോ, തൊഴിലിടങ്ങളിലെ സ്ത്രീകളെകുറിച്ചോ പുതിയ ലേബര്‍ നിയമത്തില്‍ വ്യക്തതയില്ല. ഫലത്തില്‍ ഇതൊരു ജെന്‍ഡര്‍ ന്യൂട്രല്‍ ലേബര്‍ കോഡായി മാറുമെന്നാണ് ഉയരുന്ന മറ്റൊരു പ്രധാന വിമര്‍ശനം.

തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റിവിറ്റി, മറ്റേണിറ്റി ബെനഫിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നിയമനിര്‍മ്മാണത്തെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020 ഏകീകരിക്കുന്നുണ്ട്. ഇത് അസംഘടിത മേഖലയില്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് പ്രഹരമായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

ലോക്ക് ഡൗണിന്റെ സമയത്ത് അതിഥി തൊഴിലാളികളുള്‍പ്പെടെയുള്ളവര്‍ നേരിടുന്ന സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായിട്ടും പുതിയ സോഷ്യല്‍ സെക്യൂരിറ്റി കോഡില്‍ ഇവരുടെ സാമൂഹിക പരിരക്ഷ ഉയര്‍ത്തുന്നതില്‍ ഒന്നും ചെയ്തില്ല എന്നതാണ് മറ്റൊരു വിമര്‍ശനം. സാമൂഹിക സുരക്ഷയെ അവകാശമായി പരിഗണിക്കുകയോ അതിനെ ഭരണഘടന അനുവദിച്ച അവകാശങ്ങളുമായി ബന്ധപ്പെടുത്തുകയോ ചെയ്യുന്നില്ല.

ഒക്കുപ്പേഷന്‍ സേഫ്റ്റി ഹെല്‍ത്ത് കണ്ടീഷന്‍ കോഡില്‍ രാജ്യത്ത് 50 ശതമാനത്തിലധികം വരുന്ന കര്‍ഷക തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടല്ല. ഇതിലുപരി അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരെക്കുറിച്ചും പരാമര്‍ശമില്ല എന്നതും വലിയ ന്യൂനതകളായി ഉയര്‍ത്തിക്കാണിക്കുന്നു.

കോണ്‍ട്രാക്റ്റ് നിയമനങ്ങളിലെയും സ്ഥിരനിയമനങ്ങളിലെയും തുല്യത ഉറപ്പാക്കുന്നതിനെക്കുറിച്ചും ബില്ലില് പരാമര്‍ശങ്ങള്‍ ഇല്ല. ഒരു സ്ഥാപനത്തിലെ സ്ഥിര ജീവനക്കാര്‍ ചെയ്യുന്ന അതേപണി തന്നെ ചെയ്യുന്നവരാണ് താത്ക്കാലിക ജീവനക്കാരും.

തൊഴിലാളി ക്ഷേമമെന്നത് വെറും പഴങ്കഥ മാത്രമാവുകയാണ്. അവര്‍ക്കിനി സമരം ചെയ്യാനുള്ള അവകാശങ്ങളില്ല, അവരുടെ അവകാശങ്ങളില്‍ വെള്ളംചേര്‍ക്കപ്പെട്ടു, തൊഴില്‍ സുരക്ഷ എന്നത് ഇനിയങ്ങോട്ട് കേവലം വാക്കുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കും.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ ബില്ലിനെക്കുറിച്ച് ലേബര്‍ എക്കണോമിസ്റ്റും, ജംഷദ്പൂരിലെ പ്രൊഫസറുമായ കെ.ആര്‍ ശ്യാം സുന്ദറിന്റെ വാക്കുകളാണ് ഇത്. 2019ല്‍ പാസാക്കിയ വേജ് കോഡുകളിലുടെ തൊഴിലാളികളുടെ അവകാശങ്ങളുടെ മുക്കാലും അടിച്ചമര്‍ത്തിയ കേന്ദ്രം 2020ലെ ലേബര്‍ കോഡിലൂടെ ഇത് പൂര്‍ണമാക്കുകയാണ് ചെയ്തത് എന്നാണ് തൊഴിലാളി സംഘടനകള്‍ പുതിയ ബില്ലിനെക്കുറിച്ച് പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: In three new labour codes what changes for workers and hirers

ശ്രിന്‍ഷ രാമകൃഷ്ണന്‍

We use cookies to give you the best possible experience. Learn more