നാണം കെട്ട് നാണം കെട്ട്! അങ്ങനെ ഇതും തോറ്റു
Sports News
നാണം കെട്ട് നാണം കെട്ട്! അങ്ങനെ ഇതും തോറ്റു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th October 2023, 11:43 pm

ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് വീണ്ടും നാണം കെട്ട തോല്‍വി. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിറങ്ങിയ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129 റണ്സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഇന്ത്യ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ ആറാം ജയവും സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വി വഴങ്ങി 10ാം സ്ഥാനത്താണ്.

കഴിഞ്ഞ മത്സരങ്ങളില്‍ ശ്രീലങ്കയോട് എട്ട് വിക്കറ്റിനും സൗത്ത് ആഫ്രിക്കയോട് 229 റണ്‍സിനും ഇംഗ്ലണ്ട് തോല്‍വി വഴങ്ങിയിരുന്നു. നേരത്തെ അഫ്ഗാനിസ്ഥാനോടും 69 റണ്‍സിന് പരാജിതരായ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും മോശം ടൂര്‍ണമെന്റായി 2023 മാറുകയാണ്. ഇതോടെ സെമിഫൈനല്‍ സാധ്യത മങ്ങിയ ഇംഗ്ലണ്ട് നാണക്കേടില്‍ നിന്നും കരകയറാനാവാതെ നിരവധി വിമര്‍ശനങ്ങള്‍ക്കിരയാവുകയാണ്.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ വലിയ വെല്ലുവിളിയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഉയര്‍ത്തിയത്. മൂന്നാം ഓവറില്‍ ഒമ്പത് റണ്‍സിന് ഗില്ലിനെ നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ താളം തെറ്റിതുടങ്ങി. പിന്നീട് കോഹ്ലി പൂജ്യത്തിന് കൂടാരം കയറിയതോടെ ടീം സമ്മര്‍ദത്തിലാവുകയായിരുന്നു. പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിന് നിര്‍ണായകമായത്. 101 പന്തില്‍ മൂന്ന് സിക്സറും 10 ബൗണ്ടറികളുമടക്കം 87 റണ്‍സ് അടിച്ചെടുത്താണ് രോഹിത് ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. സൂര്യകുമാര്‍ യാദവ് 49 (47) റണ്‍സും കെ.എല്‍ രാഹുല്‍ 39 (58) റണ്‍സുമെടുത്ത് ടീമിനെ ഉയര്‍ന്ന സ്‌കോറിലെത്തിക്കാന്‍ സഹായിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വന്‍ ബാറ്റിങ്ങ് തകര്‍ച്ചയാണ് നേരിടേണ്ടിവന്നത്. ലിവിങ്സ്റ്റണ്‍ മാത്രമാണ് 27 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ടീമിന് നല്‍കിയത്. ഇന്ത്യന്‍ ബൗളിങ് നിരയുടെ ശക്തമായ തിരിച്ചടിയില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. നാല് വിക്കറ്റ് നേടി മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ജസ്പ്രിത് ബുംറയും കുല്‍ദീപ് യാദവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റും ക്രിസ് വോക്സും ആദില്‍ റഷീദും രണ്ട് വിക്കറ്റ് വീതവും നേടിയിരുന്നു.

ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍. നവംബര്‍ രണ്ടിന് വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്.

Content Highlight: In the World Cup India-England battle, England again suffered a humiliating defeat