ന്യൂദല്‍ഹി: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ്. പ്രധാനമന്ത്രി ഉടന്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും ഇത്രയും വേദനാജനകമായ അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 270ന് മുകളില്‍ മരണം സംഭവിച്ച ശേഷവും സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബാലസോര്‍ ട്രെയിന്‍ ദുരന്തം മനുഷ്യനിര്‍മിത ദുരന്തമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ കഴിവില്ലായ്മയും തെറ്റായ മുന്‍ഗണനകളും കാരണം സംഭവിച്ച അപകടമാണിതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണം. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ രാജി അനിവാര്യമാണ്.
ആവശ്യമായ സുരക്ഷാ-പരിപാലന നടപടികള്‍ സ്വീകരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ഈ ദുരന്തം സംഭവിച്ചത്. മെഗാ ലോഞ്ച് ഇവന്റുകളിലൂടെ പ്രധാനമന്ത്രിയുടെ പി.ആറില്‍ ആയിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഏക ശ്രദ്ധ. ഈ അപകടം സംഭവിച്ചതില്‍ സര്‍ക്കാര്‍ മറുപടിപറയണം. ഇങ്ങനെ ഒരു അപകടം സംഭവിക്കാന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ ആളുകളോടും ഉത്തരം പറയണം,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ പിഴവാണെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.
അപകടത്തിന്റെ കാരണം സിഗ്നലിങ് പ്രശ്‌നമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് റെയില്‍വേ മന്ത്രാലയം പ്രതിനിധിയും അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ തരത്തിലും അന്വേഷണം നടത്തുന്നുണ്ടെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു.
Content Highligbht: In the wake of the Balasore train disaster, the Congress has intensified its demand for the resignation of Railway Minister Ashwani Vaishnav