ന്യൂദല്‍ഹി: യു.എസില്‍ അദാനിയെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
മോദിയും അദാനിയും തമ്മിലുള്ള ബന്ധമാണ് പ്രധാനമന്ത്രിയുടെ യു.എസിലെ പ്രതികരണത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് ജയറാം രമേശ് പറഞ്ഞു. എക്സിലൂടെയാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചത്.
മുഴുവന്‍ പൊളിറ്റിക്കല്‍ സയന്‍സിലെയും പരിശീലനത്തിലൂടെ നേടിയ ബീജഗണിത സമവാക്യങ്ങളെക്കുറിച്ചുള്ള തന്റെ അറിവ് പ്രകടിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
‘ആദ്യം അദ്ദേഹം ഇന്ത്യ-കാനഡ ബന്ധങ്ങളെ ഉപമിച്ചത് ഇങ്ങനെയാണ്, (a+b)^2 = a^2 + b^2 + 2ab. ഇപ്പോള്‍ അദ്ദേഹം ഇന്ത്യയുടെയും യു.എസ്.എയുടെയും പശ്ചാത്തലത്തില്‍, MAGA + MIGA = MEGA എന്നാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി കണക്കാക്കുന്ന ഒരേയൊരു സമവാക്യം മോദി+അദാനി =മൊദാനി മാത്രമാണ്,’ ജയറാം രമേശ് പ്രതികരിച്ചു.
മോദിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മോദിയോട് നാട്ടില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ നിശബ്ദതയും വിദേശത്ത് ചോദിച്ചാല്‍ അത് വ്യക്തിപരമായ കാര്യമാണെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അമേരിക്കയില്‍ പോലും അദാനിയുടെ അഴിമതി മോദി തുറന്നുകാട്ടിയെന്നും രാഹുല്‍ പറഞ്ഞു.
സുഹൃത്തിന്റെ പോക്കറ്റ് നിറയ്ക്കുന്നത് പ്രധാനമന്ത്രിക്ക് ‘രാഷ്ട്രനിര്‍മാണം’ ആകുമ്പോള്‍, കൈക്കൂലിയും രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കലും ‘വ്യക്തിപരമായ കാര്യമായി’ മാറുന്നുവെന്നും രാഹുല്‍ പറഞ്ഞു.
വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ല താന്‍ യു.എസില്‍ എത്തിയതെന്നായിരുന്നു മോദി മാധ്യമപ്രവര്‍ത്തകന് നല്‍കിയ മറുപടി. അദാനിക്കെതിരായ അമേരിക്കയിലെ കൈക്കൂലിക്കേസ് സംബന്ധിച്ച് ട്രംപുമായി ചര്‍ച്ച ചെയ്‌തോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
തുടര്‍ന്ന്, എല്ലാ ഇന്ത്യക്കാരും തന്റേതാണെന്നും രണ്ട് രാജ്യങ്ങളുടെ പ്രധാനപ്പെട്ട നേതാക്കള്‍ തമ്മിലുള്ള സംഭാഷണത്തില്‍ വ്യക്തികളെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ലെന്നും മോദി മറുപടി നല്‍കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയത്. മോദിക്കെതിരെ കൂടുതല്‍ നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.
Content Highlight: In the US the equation calculated by PM is ‘Modi+Adani=Modani relation’; Jairam Ramesh mockingly