വാഷിങ്ടണ്‍: രണ്ട് ലിംഗങ്ങള്‍ മാത്രമേയുള്ളൂവെന്ന ട്രംപിന്റെ പ്രഖ്യാ പനത്തിന് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ നടിയുടെ പാസ്‌പോര്‍ട്ടില്‍ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ട്രംപിനെതിരെ രൂക്ഷവിമര്‍ശനം. ട്രാന്‍സ് നടി ഹണ്ടര്‍ ഷാഫറിന്റെ പാസ്‌പോര്‍ട്ടിലാണ് മാറ്റം വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
എച്ച്.ബി.ഒയിലെ യൂഫോറിയ എന്ന ടെലിവിഷന്‍ സീരീസിലെ അഭിനയത്തിന് ശേഷം പ്രശസ്തി നേടിയ വ്യക്തിയായിരുന്നു ഹണ്ടര്‍ ഷാഫര്‍. ഷാഫര്‍ തന്നെയാണ് തന്റെ പാസ്‌പോര്‍ട്ടില്‍ പുതിയ നയപ്രഖ്യാപനത്തിന് ശേഷം പുരുഷന്‍ എന്ന് രേഖപ്പെടുത്തിയതായി പറഞ്ഞത്.
ഒരു വ്യക്തിയ്ക്ക് സ്ത്രീയോ പുരുഷനോ മാത്രമായി ഭരണകൂടം അംഗീകരിക്കുകയാണെന്നും എന്നിരുന്നാലും താന്‍ ട്രാന്‍സ് ആകുന്നത് ഒരിക്കലും നിര്‍ത്താന്‍ പോകുന്നില്ലെന്നും ഷാഫര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
പാസ്‌പോര്‍ട്ട് പൂരിപ്പിക്കുമ്പോള്‍ തന്റെ ലിംഗഭേദം സ്ത്രീയെന്ന് തെരഞ്ഞെടുത്തിരുന്നുവെന്നും തന്റെ പഴയ പാസ്‌പോര്‍ട്ടിലും ഡ്രൈവിങ് ലൈസന്‍സിലുമെല്ലാം സ്ത്രീയെന്നായിരുന്നുവെന്നും അവര്‍ പറഞ്ഞു.
സമൂഹത്തില്‍ ഭയം ഉണ്ടാക്കാനോ നാടകമുണ്ടാക്കാനോ അല്ല താന്‍ വീഡിയോ പങ്കുവെക്കുന്നതെന്നും അതിന്റെ ആവശ്യം തനിക്കില്ലെന്നും നടി പറഞ്ഞു.
പുരുഷനെന്ന് രേഖപ്പെടുത്തിയത് കണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും തന്റെ പാസ്‌പോര്‍ട്ടില്‍ പുരുഷനെന്ന് രേഖപ്പെടുത്തിയത് കാണിച്ചുകൊണ്ട് നടി പറഞ്ഞു. അതേസമയം വിദേശയാത്രക്കിടെ താന്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നടി പറഞ്ഞു.
അമേരിക്കയിലെ ജെന്‍ഡറുകളെ ആണും പെണ്ണുമായി മാത്രം പരിമിതപ്പെടുത്തി മറ്റ് ‘റാഡിക്കലും പാഴുമായ’ വൈവിധ്യങ്ങള്‍ അവസാനിപ്പിക്കാനുള്ള ഓര്‍ഡറുകളില്‍ ട്രംപ് അധികാരത്തിലേറിയ ഉടന്‍ തന്നെ ഒപ്പ് വെച്ചിരുന്നു.
ഇതിന്റെ തുടക്കമെന്നോണം രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്കുള്ളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ അനുവദിക്കുന്ന ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകള്‍ക്ക് ട്രംപ് അന്ത്യം കുറിക്കുമെന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ അമേരിക്കയുടെ ‘വിശുദ്ധി’ വീണ്ടെടുക്കുന്നതിനാണ് പുതിയ അജണ്ട നടപ്പിലാക്കുന്നതെന്നായിരുന്നു നേരത്തെ അധികൃതര്‍ നല്‍കിയ വിശദീകരണം. പുതിയ ലിംഗനയം സ്ത്രീകളെ ലിംഗപരമായ തീവ്രപ്രത്യയശാസ്ത്രങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റിലെ ജീവശാസ്ത്രപരമായ ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ നിലനിര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
Content Highlight: In the US, the administration registered a man in the passport of a trans actress; Criticism of Trump