പ്രതിഫലത്തില്‍ 60 കോടിയുടെ വ്യത്യാസം, ലാഭത്തിന്റെ ഷെയറും വേണം; ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ അക്ഷയ് കുമാറിന് പകരം കാര്‍ത്തിക് ആര്യനെ നായകനാക്കി നിര്‍മാതാവ്
Film News
പ്രതിഫലത്തില്‍ 60 കോടിയുടെ വ്യത്യാസം, ലാഭത്തിന്റെ ഷെയറും വേണം; ഹിറ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ അക്ഷയ് കുമാറിന് പകരം കാര്‍ത്തിക് ആര്യനെ നായകനാക്കി നിര്‍മാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th November 2022, 8:16 am

സൂപ്പര്‍ ഹിറ്റ് ചിത്രം ഹേരാ ഫേരിയുടെ മൂന്നാം ഭാഗത്തില്‍ അക്ഷയ് കുമാര്‍ നായകനാവാനുള്ള സാധ്യതകള്‍ മങ്ങുന്നു. കാര്‍ത്തിക് ആര്യനായിരിക്കും ഹേരാ ഫേരി ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗത്തില്‍ നായകനാവുന്നത്. നേരത്തെ താരം ചിത്രത്തിലെത്തുമെന്ന് തന്റെ ട്വീറ്റിലൂടെ നടന്‍ പരേഷ് റാവല്‍ ഉറപ്പിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രത്തിന്റെ നിര്‍മാതാവായ ഫിറോസ് നാദിയവാല അക്ഷയ് കുമാറുമായും കാര്‍ത്തിക് ആര്യനുമായും ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.

‘ഹേരാ ഫേരിയുടെ മൂന്നാം ഭാഗം ഒരുങ്ങുമ്പോള്‍ നായകനാവാന്‍ 90 കോടിയാണ് അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടത്. ഇതിനു പുറമേ ചിത്രത്തിന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതവും അക്ഷയ് ആവശ്യപ്പെട്ടു. അതേസമയം കാര്‍ത്തിക്ക് 30 കോടിക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറായി. പ്രതിഫലത്തില്‍ 60 കോടിയുടെ വ്യത്യാസമാണ് വരുന്നത്. അക്ഷയ് കുമാറിനെ നായകനാക്കുന്നതിനെക്കാള്‍ ലാഭകരം കാര്‍ത്തിക് ആര്യന്‍ വരുന്നതാണ്,’ ചിത്രത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ അക്ഷയ് കുമാറുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും ശരിയായ ദിശയില്‍ പോയിരുന്നില്ല. ഒടുവില്‍ നായകനായി കാര്‍ത്തിക്ക് ആര്യനിലേക്ക് തന്നെ അണിയറപ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

എന്നാല്‍ ചിത്രത്തില്‍ അക്ഷയ് ഇല്ലെന്നറിഞ്ഞതോടെ താരത്തിന്റെ ആരാധകര്‍ രോഷത്തിലായിരുന്നു. രാജു (മുന്‍ഭാഗങ്ങളിലെ അക്ഷയുടെ നായകകഥാപാത്രം) ഇല്ലെങ്കില്‍ ഹേരാ ഫേരിയില്ലെന്ന ഹാഷ്ടാഗുകള്‍ (No Raju, No Hera Pheri) ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു.

അതേസമയം ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടാത്തതിനാലാണ് താന്‍ പിന്‍വാങ്ങിയതെന്നാണ് അക്ഷയ് കുമാര്‍ പിന്നീട് വെളിപ്പെടുത്തിയത്. ‘ഹേരാ ഫേരി എന്റെ ജീവിതത്തിന്റെയും സിനിമാ യാത്രയുടെയും ഭാഗമാണ്. എന്നാല്‍ മൂന്നാം ഭാഗത്തിന്റെ കഥ എനിക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് മൂന്നാം ഭാഗത്തില്‍ ഞാന്‍ ഉണ്ടായിരിക്കുന്നതല്ല. നിങ്ങള്‍ വിഷമിക്കുന്നത് പോലെ എനിക്കും ഇക്കാര്യത്തില്‍ വിഷമമുണ്ട്. പ്രേക്ഷകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു,’ അക്ഷയ് കുമാര്‍ പറഞ്ഞു.

നേരത്തെ അക്ഷയ് കുമാര്‍ ചിത്രം ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് നായകനായിരുന്നു. കൊവിഡ് ലോക്ക്ഡൗണിന് ശേഷം വന്ന ബോളിവുഡ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ദുരന്തങ്ങളായപ്പോള്‍ വിജയിച്ച വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൊന്നായിരുന്നു കാര്‍ത്തിക് നായകനായ ഭൂല്‍ ഭുലയ്യ 2. ഇതും ഹേരാ ഫേരിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

Content Highlight: In the third part of the hit film hera pheri, the producer replaced Akshay Kumar with Kartik Aryan