ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ വി.ഡി. സതീശന് കോടതിയുടെ നോട്ടീസ്
Kerala News
ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ വി.ഡി. സതീശന് കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th July 2022, 6:35 pm

കണ്ണൂര്‍: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നോട്ടീസ്. കണ്ണൂര്‍ മുനിസിപ്പല്‍ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആര്‍.എസ്.എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ. ബാലറാമാണ് കേസ് ഫയല്‍ ചെയ്തത്. ഓഗസ്റ്റ് മാസം 12 ഹാജരാകാനാണ് കോടതിയുടെ നിര്‍ദേശം.

ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ സജി ചെറിയാന്‍ പറഞ്ഞ പോലുള്ള വാക്കുകളില്ലെന്നാണ് ആര്‍.എസ്.എസ് പ്രതിപക്ഷ നേതാവിന് അയച്ച നോട്ടീസില്‍ പറയുന്നത്. സജി ചെറിയാന്‍ പറഞ്ഞ വാക്കുകള്‍ പുസ്തകത്തില്‍ എവിടെയാണെന്ന് കാണിക്കണമെന്നും അതിന് സാധിക്കാത്ത പക്ഷം 24 മണിക്കൂറിനുള്ളില്‍ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.

മേലില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കടുത്ത മറുപടിയുമായി സതീശന്‍ രംഗത്തെത്തിയത്. വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞിരിക്കുന്ന കാര്യവും ഒന്നുതന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഭരണഘടനാവിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെ പുകഴ്ത്താനാണ് പത്രസമ്മേളനത്തില്‍ കോടിയേരിയും ശ്രമിച്ചതെന്ന് സതീശന്‍ പറഞ്ഞിരുന്നു.

ഗോള്‍വാള്‍ക്കര്‍ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് തനിക്കയച്ച നോട്ടീസ് അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസിന്റേത് വിചിത്ര നോട്ടീസ് ആണെന്നും നിയമ നടപടി നേരിടാന്‍ തയ്യാറാണെന്നും പുസ്തകത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും സതീശന്‍ പറഞ്ഞിരുന്നു.