| Saturday, 19th October 2024, 11:38 am

അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഭിന്നശേഷി സ്‌കൂളിലെ അധ്യാപകരുടെ ആനുകൂല്യം വര്‍ധിപ്പിക്കും: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ വേതനമടക്കമുള്ള ആനുകൂല്യം വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിലെ ശിക്ഷക് സദന്റെ പുതിയ ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

കുറച്ച് നാളുകള്‍ക്ക് മുമ്പ് സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ അധ്യാപകര്‍ സമരം നടത്തിയിരുന്നതായും അവരുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയെന്നും മന്ത്രി തന്റെ പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാനത്തെ മറ്റ് അധ്യാപകര്‍ 50,000ത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ ശമ്പളം വാങ്ങുമ്പോള്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഈ അധ്യാപകര്‍ക്ക് 20000-22000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നതെന്നും മന്ത്രി പരാമര്‍ശിച്ചു.

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നവര്‍ ഏറെ വെല്ലുവിളിയും പ്രയാസവും നേരിടുന്നുണ്ട്. അതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതെന്നും മന്ത്രി പറയുകയുണ്ടായി.

പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അടക്കം സന്നിഹിതരായ ചടങ്ങില്‍ വേദിയില്‍ ഇരുന്നവരെല്ലാം തന്നെ മന്ത്രിയുടെ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതിന് പുറമെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ മറ്റ് കുട്ടികളുമായി ഒരുമിച്ച് പഠിപ്പിക്കുന്ന അധ്യാപകരെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സമഗ്ര ശിക്ഷ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ വിവിധ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ജനുവരി 24 മുതല്‍ സമരം ആരംഭിച്ചത്. നിയമനവേളയില്‍ സ്‌കൂളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നവര്‍ക്ക് 29,000 രൂപ വരെ ലഭിച്ചിരുന്നെന്നും എന്നാല്‍ സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിന് 10,000 രൂപ മാത്രമാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമരം. പിന്നീട് മന്ത്രി ഇടപെട്ടതോടെയാണ് സമരം പിന്‍വലിച്ചത്.

അധ്യാപകരുമായി സംസാരിച്ച മന്ത്രി ഈ അധ്യാപകരുടെ ശമ്പളം 10,000ത്തില്‍ നിന്ന് 13,400 രൂപയായി ഉയര്‍ത്തുമെന്നും വേതനത്തിന്റെ 12 ശതമാനം അതായത് അകദേശം 1608രൂപ ഇ.പി.എഫ് ഫണ്ടിലേക്ക് അനുവദിക്കുമെന്നും ഉറപ്പ് നല്‍കി.

2022 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു. കൂടാതെ പാര്‍ട്ട് ടൈം അധ്യാപകര്‍ക്ക് അവധിയില്‍ ലഭിക്കുന്ന അതേ ആനുകൂല്യം ഇവര്‍ക്കുമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം രണ്ട് സ്‌കൂളുകളിലായി ജോലി ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Content Highlight: In the next year’s budget, the benefits of differently-abled school teachers will be increased: Minister V. Sivankutty

Video Stories

We use cookies to give you the best possible experience. Learn more