കണ്ണൂര്‍: പൊതുവിദ്യാലയങ്ങളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യല്‍ എജ്യുക്കേറ്റഴ്സിന്റെ ആനുകൂല്യം വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിലെ ശിക്ഷക് സദന്റെ പുതിയ ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
കുറച്ച് നാളുകള്‍ക്ക് മുമ്പ് സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്സ്
സമരം നടത്തിയിരുന്നതായും അവരുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയെന്നും മന്ത്രി തന്റെ പ്രസംഗത്തിനിടെ പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാനത്തെ മറ്റ് അധ്യാപകര്‍ 50,000ത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ ശമ്പളം വാങ്ങുമ്പോള്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഈ അധ്യാപകര്‍ക്ക് 20000-22000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നതെന്നും മന്ത്രി പരാമര്‍ശിച്ചു.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നവര്‍ ഏറെ വെല്ലുവിളിയും പ്രയാസവും നേരിടുന്നുണ്ട്. അതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നതെന്നും മന്ത്രി പറയുകയുണ്ടായി.
പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അടക്കം സന്നിഹിതരായ ചടങ്ങില്‍ വേദിയില്‍ ഇരുന്നവരെല്ലാം തന്നെ മന്ത്രിയുടെ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതിന് പുറമെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ മറ്റ് കുട്ടികളുമായി ഒരുമിച്ച് പഠിപ്പിക്കുന്ന അധ്യാപകരെ മന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
Content Highlight: In the next year’s budget, the benefits of differently-abled school teachers will be increased: Minister V. Sivankutty