സദ്ദാം ഹുസൈനെ കഴുമരത്തില്‍ ഏറ്റിയിട്ട് ഏഴാണ്ട് തികയുന്നു. ആരായിരുന്നു സദ്ദാം…?! കൊട്ടിപ്പാടുന്ന പോലെ ധീരവീരശൂര യോദ്ധാവാണോ അതോ ക്രൂരനായൊരു സ്വേച്ഛാപതി മാത്രമായിരുന്നോ..?
April 28, 1937 ല്‍ തിക്രിത്തില്‍ ഒരു ഇടയ ഗോത്രത്തില്‍ അനാഥബാലനായി ജനനം. ജനിക്കുന്നതിന് ആറ് മാസം മുന്‍പ് അച്ഛന്‍ അപ്രത്യക്ഷനായി. അമ്മ പുനര്‍വിവാഹിതയായപ്പോള്‍ കുഞ്ഞ് സദ്ദാമിന് ലഭിച്ചത് രണ്ടാനച്ഛന്റെ ക്രൂര”ലാളന”കളുടെ ബാല്യം.
പരുക്കനായ ഏകാധിപതിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ബാലമനസ്സിന്റെ പ്രതിഷേധം ഒരു മുഖ്യഘടകമായിട്ടുണ്ടാകാമെന്ന് സദ്ദാമിനെ നിരൂപണം നടത്തിയ ചില മന:ശാസ്ത്രകാരന്മാര്‍ വിലയിരുത്തുകയുണ്ടായി.
രണ്ടാനച്ഛന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടോടിയ സദ്ദാം വളര്‍ന്നത് അമ്മാവന്റെ സംരക്ഷണയില്‍.! അമ്മാവന്റെ രാഷ്ട്രീയ വീക്ഷണങ്ങള്‍ സദ്ദാമില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്നു. അതാണ് 1957ല്‍ പാന്‍അറബ് “സോഷ്യലിസ്റ്റ് വിപ്ലവകക്ഷി”യായ ബാത്ത് പാര്‍ട്ടി അംഗമാകുന്നിടത്തേക്ക് നയിച്ചത്..
1963ല്‍ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ.യുടെ പൂര്‍ണ്ണ പിന്തുണയോടെ ബാത്തിസ്റ്റുകള്‍ അധികാരം പിടിച്ചടക്കിയപ്പോള്‍ സദ്ദാം അധികാരനിരയിലെ മുന്‍നിര താരമായി. സാധാരണ അറബ് ഭരണകര്‍ത്താക്കള്‍ പോകാത്ത വഴികളിലൂടെയായിരുന്നു സദ്ദാം സഞ്ചരിച്ചത്.
തന്റെ അധികാരം, ഇറാഖ് ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ജനക്ഷേമ മേഖലകളില്‍ മുന്നേറ്റം കൈവരിക്കാന്‍ വിനിയോഗിച്ചു. നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം, ചികില്‍സ, കാര്‍ഷിക സബ്‌സിഡി അങ്ങനെ പലതും. അധികാരത്തിന്റെ പിന്നണിയില്‍ കൂടിയുള്ള യാത്ര July16, 1979ന് പ്രസിഡന്റായി ചുമതലയേല്‍ക്കും വരെ തുടര്‍ന്നു.
പിന്നീടുള്ള സദ്ദാം വാഴ്ച ഇറാഖിന്റെ മാത്രമല്ല മധ്യപൗരസ്ത്യ ദേശത്തിന്റെ മൊത്തവും ചരിത്രം മാറ്റിയെഴുതി. ശീത യുദ്ധത്തില്‍ കൊമ്പ് കോര്‍ത്തിരുന്ന അമേരിക്കക്കും സോവിയറ്റ് യൂണിയനും ഒരേ സമയം സദ്ദാം നല്ലപിള്ള ആയിരുന്നു എന്നത് നല്ലൊരു തമാശ.
ഇറാനിലെ ശിയാ നിയന്ത്രിത ഇസ്ലാമിക വിപ്ലവം ശിയാ ഭൂരിപക്ഷ ഇറാഖിലെ തന്റെ അധികാരത്തിന് ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കുമോ എന്ന ആശങ്കയായിരുന്നു സദ്ദാമിനെ ഇറാന്‍ ആക്രമണത്തിലേക്ക് നയിച്ചത്.
ഇറാനിലെ ശിയാ നിയന്ത്രിത ഇസ്ലാമിക വിപ്ലവം ശിയാ ഭൂരിപക്ഷ ഇറാഖിലെ തന്റെ അധികാരത്തിന് ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കുമോ എന്ന ആശങ്കയായിരുന്നു സദ്ദാമിനെ ഇറാന്‍ ആക്രമണത്തിലേക്ക് നയിച്ചത്.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ലംഘനമായിരുന്നിട്ട് കൂടി, എട്ട് വര്‍ഷം നീണ്ടു നിന്ന ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടാത്ത, ദശലക്ഷക്കണക്കിന് ജീവനുകള്‍ രണ്ട് ഭാഗത്തുമായി ഹോമിക്കപ്പെട്ട ആ യുദ്ധത്തില്‍ ന്യായാന്യായതകള്‍ക്കപ്പുറം ചില താല്പര്യങ്ങളുടെ പേരില്‍ ലോകശക്തികളും അറബ് ഇസ്ലാമിക ലോകവും പൊതുവെ ഇറാനെതിരെ സദ്ദാമിനൊപ്പം അണി നിരന്നു.
സ്വന്തം ജനങ്ങളില്‍ നിന്നുള്ള വിമത ശബ്ദംഅടിച്ചമര്‍ത്താന്‍ വിഷവാതകം പ്രയോഗിച്ച് അനേകരെ കൊന്നൊടുക്കിയെന്ന ദുഷ്‌പേരും സദ്ദാമിന് സ്വന്തം. സ്റ്റാലിനില്‍ മാതൃകാപുരുഷനെ കണ്ടെത്തിയ സദ്ദാം, തനിക്കെതിരെ വിമത ശബ്ദമുയര്‍ത്തിയവരെയും അപ്രിയം നേടിയവരെയും എതിരിട്ടത് തികച്ചും നിഷ്ഠുരമായിട്ടായിരുന്നു എന്നത് അവിതര്‍ക്കിതം.
മരുമക്കള്‍ മുതല്‍ സ്വന്തം കാബിനറ്റിലെ മന്ത്രി വരെ ഉരുണ്ട തലകള്‍ അതിന്റെ നേര്‍ സാക്ഷ്യപത്രം. ശിയാക്കള്‍ക്കൊപ്പം കുര്‍ദ്ദുകളും ഇറാഖി കമ്യൂണിസ്റ്റുകളുമെല്ലാം സദ്ദാമിന്റെ അടിച്ചമര്‍ത്തലിന് വിധേയരായി. അന്നൊക്കെയും അമേരിക്കയുടെ മാനസപുത്രനായി സര്‍വ്വ പിന്തുണയും ആസ്വദിച്ച സദ്ദാം പിന്നീട് എന്ന് മുതലാണ് അവര്‍ക്ക് ശത്രു ആയി മാറിയത്?!
എണ്ണയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താന്‍ സദ്ദാം എന്ന് തുനിഞ്ഞുവോ അന്ന് മുതല്‍ എന്ന് ഉത്തരം. എണ്ണയുടെ നിയന്ത്രണാവകാശം പാശ്ചാത്യ ലോബിയില്‍ നിന്ന് ഉല്പാദക രാഷ്ട്രങ്ങളിലേക്ക് എന്ന സദ്ദാമിന്റെ ലക്ഷ്യം തങ്ങളുടെ എല്ലാ താല്പര്യങ്ങളും ഹനിക്കുന്നതാണ് എന്ന് മുതലാളിത്ത ലോബി തിരിച്ചറിഞ്ഞു.
ഒപ്പം മേഖലയില്‍ ഇസ്രായേലിനോട് കിടപിടിക്കുന്ന ഒരു അറബ് രാഷ്ട്രം വളര്‍ന്നാലുള്ള അപകടം അമേരിക്കയെ നിയന്ത്രിക്കുന്ന ജൂതലോബിയും മനസിലാക്കി.
സദ്ദാമിനെ തന്ത്രപൂര്‍വ്വം കുവൈറ്റ് അധിനിവേശത്തിലേക്ക് എടുത്ത് ചാടിക്കാന്‍ അമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. പിന്നീടുള്ളതെല്ലാം സമീപകാല ചരിത്രം.
സദ്ദാമിനെ നിഷ്‌കാസനം ചെയ്യാന്‍ അമേരിക്ക പറഞ്ഞ കള്ളങ്ങളായിരുന്നു ഏറ്റവും വലിയ തമാശകള്‍; അറബ് ലോകത്തെ മതവിരുദ്ധന്‍ എന്ന് വിളിക്കാവുന്നത്രയും മതേതരനായ ഭരണാധികാരി ആയിരുന്നു സദ്ദാം.
ഇറാഖില്‍ ബഹുഭൂരിഭാഗവും ഇസ്‌ലാം മതവിശ്വാസികളായിരുന്നിട്ട് കൂടി, ശരീഅത്ത് നിയമങ്ങള്‍ പിന്‍വലിച്ച് മതേതരമായ ഒരു സ്വതന്ത്ര നിയമവ്യവസ്ഥ അദ്ദേഹം നടപ്പാക്കി. പലതിനും മാതൃകയാക്കിയത് പാശ്ചാത്യ രാഷ്ട്രങ്ങളെയും.
ഇറാഖികള്‍ക്ക് സ്വാതന്ത്രത്തിന്റെ പൊന്‍പുലരി നല്‍കാനല്ല, മറിച്ച് ദുരിതങ്ങളുടെ പെരുമഴ വര്‍ഷിച്ച് അവസാന തുള്ളി എണ്ണ വരെ ഊറ്റിയെടുക്കലാണ് അധിനിവേശത്തിലൂടെ സാമ്രാജ്യത്വം ലക്ഷ്യമിട്ടത്.
എന്നിട്ടും, അധിനിവേശത്തിന് കളമൊരുക്കാന്‍ അമേരിക്ക പ്രചരിപ്പിച്ച നുണകളിലൊന്ന് സദ്ദാം ഇസ്ലാമിക തീവ്രവാദികളെ ഊട്ടി വളര്‍ത്തുവെന്നായിരുന്നു. മറ്റൊന്ന് മാരക നശീകരണായുധങ്ങള്‍ ഉണ്ടെന്നും. രണ്ടും കള്ളമാണെന്ന് തെളിഞ്ഞപ്പോഴും അവര്‍ക്ക് തെല്ലും കൂസലില്ലായിരുന്നു!
ഇന്ത്യയുടെ നല്ല ഒരു സുഹൃത്ത് കൂടിയായിരുന്നു സദ്ദാം. ഇസ്ലാമിക വികാരത്തിന്റെ പേരില്‍ തങ്ങളോടൊപ്പം നില്‍ക്കണമെന്ന, പാക്കിസ്ഥാന്റെ ഉമ്പാക്കി പറ്റേ നിരാകരിച്ച് അന്താരാഷ്ട്ര തലത്തില്‍ എന്നും ഇന്ത്യന്‍ താല്പര്യങ്ങളോടൊപ്പം നില്‍ക്കാന്‍ അദ്ദേഹം സന്നദ്ധത കാട്ടി.
സദ്ദാം വധത്തില്‍ ലോകമാകെ പ്രതിഷേധം മുഴങ്ങിയപ്പോഴും യാങ്കി ഭക്തരായി “കമ”മിണ്ടാതെ, മൗനം കൊണ്ട് അമേരിക്കന്‍ നയത്തെ പിന്തുണച്ച് നാം “പ്രത്യുപകാരവും” ചെയ്തു!
ഇറാഖികള്‍ക്ക് സ്വാതന്ത്രത്തിന്റെ പൊന്‍പുലരി നല്‍കാനല്ല, മറിച്ച് ദുരിതങ്ങളുടെ പെരുമഴ വര്‍ഷിച്ച് അവസാന തുള്ളി എണ്ണ വരെ ഊറ്റിയെടുക്കലാണ് അധിനിവേശത്തിലൂടെ സാമ്രാജ്യത്വം ലക്ഷ്യമിട്ടത്.
മാലാഖക്കുഞ്ഞായത് കൊണ്ടായിരുന്നില്ല ഭരണത്തിന്റെ ആദ്യ നാളുകളില്‍ സദ്ദാമിന്റെ എല്ലാ ദുഷ് ചെയ്തികള്‍ക്കും അവര്‍ ഒത്താശയും പിന്‍ബലവുമേകിയത്.
ലോകത്ത് അന്നുമിന്നും ക്രൂരതകളുടെ രൗദ്രസമുദ്രം തന്നെ തുറന്ന് വിട്ട സാമ്രാജ്യത്വത്തിന് സദ്ദാമിനെ വിചാരണ ചെയ്യാനോ ശിക്ഷ വിധിക്കാനോ അര്‍ഹതയുണ്ടായത് കൊണ്ടോ നീതി നടപ്പാക്കുന്നതിലെ ശുഷ്‌കാന്തി കൊണ്ടോ ആയിരുന്നില്ല വിചാരണ പ്രഹസനം നടത്തി സദ്ദാമിനെ തൂക്കിലേറ്റിയത്. രണ്ടും ലോകത്തോടുള്ള യാങ്കി സന്ദേശമായിരുന്നു
യാങ്കികള്‍ക്ക് വിനീതവിധേയരായിരിക്കുന്നിടത്തോളം ഏത് ഭരണാധികാരിക്കും എന്ത് ക്രൂരതകളൂം അടിച്ചമര്‍ത്തലുകളും ആകാം എന്ന സന്ദേശം…. തങ്ങളുടെ താല്‍പര്യത്തിന് എതിരു നില്‍ക്കുന്നത് ആരായാലും അവരെ കാത്തിരിക്കുന്നത് കൊലമരമാണെന്ന മറ്റൊരു സന്ദേശം…..
ലോകം അടക്കി വാണ ഏകാധിപതികള്‍ വ്യക്തിതലത്തില്‍ ഭീരുക്കളായിരുന്നെന്നും തങ്ങളുടെ ജീവന് വേണ്ടി അവസാനം കേഴുകയുണ്ടായിട്ടുണ്ടെന്നുമുള്ള ചരിത്രത്തിന്റെ ഉദാഹരണങ്ങളില്‍ നിന്ന് വ്യതിരിക്തമായി, സാമ്രാജ്യത്വത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പിയാണ് സദ്ദാം ധീരമായി കഴുമരത്തിലേക്ക് നടന്നടുത്തത്.
മുഖം മൂടി മാറ്റി തൂക്കിലേറ്റണം എന്നാവശ്യപ്പെട്ടതും കഴുത്തില്‍ കയര്‍ മുറുകി ശ്വാസം നിലയ്ക്കുവോളം സുസ്‌മേരവദനനായി ആരാച്ചാരോട് തമാശ പറഞ്ഞതുമായ സദ്ദാമിന്റെ വീഡിയോ ക്ലിപ് സാമ്രാജ്യത്ത പരികല്പനകള്‍ക്ക് വിരുദ്ധമായി, അദ്ദേഹത്തിന് ലോകമാകെ ഒരു വീരപരിവേഷം നല്‍കാനിടയാക്കി.
കറുപ്പും വെളുപ്പും ഇടകലര്‍ന്ന ഏകാധിപതിയായ ഭരണാധികാരിയായിട്ട് കൂടി, ലോകത്തുടനീളമുള്ള സ്വാതന്ത്ര്യപ്രേമികള്‍ക്കും ജനായത്തവാദികള്‍ക്കും സദ്ദാം ചിലപ്പോഴെങ്കിലും ഒരു പ്രതീകമോ പ്രചോദനമോ ആകുന്നതും അങ്ങനെയാണ്.
ഈ ലോകത്ത് ഏറ്റവും അപകടകാരിയായ വികാരം ഭയമാണ് എന്ന് തോന്നുന്നു. ഭയത്തിന് അടിപ്പെടുമ്പോഴാണ് മനുഷ്യന്‍ ഏറ്റവും ക്രൂരനായി എന്ത് കടുംകൈയ്യും പ്രവര്‍ത്തിക്കുന്നത്.
അധികാരത്തിന്റെ ഇടനാഴികളില്‍ മറ്റനേകം ഏകാധിപതികളെ പോലെ സദ്ദാമും ഭീരുവായി പരിവര്‍ത്തിക്കപ്പെട്ടു. ജീവാപായം, അധികാരനഷ്ടം തുടങ്ങിയവയെ ചൊല്ലിയുള്ള ഭീതി.
സ്വന്തം ജനതയെ കൊലക്കളത്തില്‍ തനിച്ചാക്കി തിക്രീത്തിലെ ഗുഹയില്‍ അഭയം തേടി ആറുമാസം ഒളിച്ച് താമസിച്ചപ്പോഴും, വിശ്വസ്തരായവര്‍ തന്നെ ഒറ്റിക്കൊടുത്ത് യാങ്കി സേന അവിടെ നിന്ന് കണ്ടെടുക്കുമ്പോഴും നാം കണ്ട സദ്ദാമിന്റെ മുഖവും ദൈന്യതയുടേതായിരുന്നല്ലോ.
എന്നാല്‍ കല്‍ത്തുറുങ്കിലെക്കടുക്കുന്തോറും ആ ചിത്രം പാടെ മാറ്റിയെഴുതി, ധീരനായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സദ്ദാമിനെയായിരുന്നു പിന്നീട് ലോകം കണ്ടത്.
അചഞ്ചലനായി യാങ്കികളുടെ യാതൊരു ദയാവായ്പിനും കെഞ്ചാതെ, തന്നെ ചോദ്യം ചെയ്യാനുള്ള സാമ്രാജ്യത്തത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുകയായിരുന്ന മറ്റൊരു സദ്ദാം…
എന്താവാം സദ്ദാമില്‍ പൊടുന്നനെ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കുക? പിന്നിട്ട വഴികളിലെ തെറ്റുകളെ മനസിലാക്കി, കണ്ണീര്‍ കണങ്ങളാല്‍ മനസിനെ വിമലീകരിച്ച്, ഭയമെന്ന വികാരത്തെ അതിജയിച്ചായിരുന്നുവോ സദ്ദാം ആത്മധൈര്യത്തെ വീണ്ടെടുത്തത്…?!
ജയിലില്‍ അദ്ദേഹം ഗ്രന്ഥപാരായണത്തിലും കവിതാരചനയിലും പ്രാര്‍ത്ഥനയിലുമൊക്കെയാണ് സമയം തള്ളിനീക്കിയതെന്ന് മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ഇവയൊക്കെയും മനുഷ്യന്റെ സര്‍ഗാത്മകതകളെ ഉണര്‍ത്താനും മനസിനെ വിമലീകരിക്കാനും കഴിവുള്ളതുമാണ്.
അപ്പോഴും ഒരിക്കല്‍ പോലും, താന്‍ തീര്‍ത്ത ചോരച്ചാലുകളെ ചൊല്ലിയൊരു പശ്ചാത്താപം സദ്ദാം അവസാനം വരെയും പ്രകടമാക്കിയതായും നാം അറിയുന്നില്ല.
അധികാരത്തിന്റെ ഇടനാഴികളില്‍ മറ്റനേകം ഏകാധിപതികളെ പോലെ സദ്ദാമും ഭീരുവായി പരിവര്‍ത്തിക്കപ്പെട്ടു. ജീവാപായം, അധികാരനഷ്ടം തുടങ്ങിയവയെ ചൊല്ലിയുള്ള ഭീതി.
രാഷ്ട്രത്തിന്റെ അധിപതിയെന്ന നിലയില്‍ തനിക്ക് അതിനൊക്കെയും അവകാശം ഉണ്ടായിരുന്നു എന്ന വിശ്വാസം തിരുത്തിയതായും ആരും പറഞ്ഞുകേട്ടില്ല. സദ്ദാമിനെ ആരാധ്യബിംബമായി കൊണ്ടാടുന്നതില്‍ നിന്ന് ഒരു മാനവവാദിയെ തടയാന്‍ അത് തന്നെ ധാരാളം.
സ്വാഭാവിക നീതിയുടെ പരിണതി ആയാണ് സദ്ദാമിന് കൊലക്കയര്‍ ലഭിച്ചതെങ്കില്‍, അത് സ്വാതന്ത്ര്യപ്രേമികളെ തെല്ലും അലോസരപ്പെടുത്തേണ്ടതില്ലായിരുന്നു. മറിച്ച് അത് വിധിച്ചതാര് എന്നതും അതിനവരെ പ്രേരിപ്പിച്ച ഘടകം എന്ത് എന്നതുമാണ് പ്രസക്തമാകുന്നത്.
തങ്ങളുടേതായ ന്യായങ്ങളുണര്‍ത്തി എവിടെയും അധിനിവേശപ്പെടുത്തുകയും വിഭവങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സാമ്രാജ്യത്തത്തിന്റെ, നവ കൊളോണിയലിസത്തിന്റെ രൗദ്രമുഖം മാത്രമായിരുന്നു ദശലക്ഷങ്ങളെ കൊന്നൊടുക്കിയ, മറ്റനേകം ലക്ഷങ്ങളെ ഇന്നും കൊന്ന് കൊണ്ടിരിക്കുന്ന, ദുരിതത്തില്‍ ആറാടിക്കുന്ന ഇറാഖ് അധിനിവേശം.
നാളെ മറ്റൊരു ന്യായമുയര്‍ത്തി ഇതൊക്കെത്തന്നെ നമുക്ക് നേരെയും ആവര്‍ത്തിച്ചേക്കില്ല എന്നതിന് യാങ്കികളുടെ ഇത:പര്യന്തമുള്ള ചരിത്രം അറിയാവുന്നവര്‍ക്ക് യാതൊരു ഉറപ്പുമില്ല.
എന്തും അധീനമാക്കാനും, ആരെയും ശിക്ഷിക്കണോ രക്ഷിക്കണോ എന്ന് തീരുമാനിക്കാനും തങ്ങള്‍ക്കാണ് പരമാധികാരം എന്ന സാമ്രാജ്യത്തത്തിന്റെ നിലപാടുകള്‍ക്കെതിരെ, സ്വാതന്ത്ര്യ കാംക്ഷികളായ മുഴുവന്‍ മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും കൂട്ടായ ശബ്ദമുയരണം എന്ന് തന്നെയാണ് കാലം ആവശ്യപ്പെടുന്നത്.