തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ കേരളത്തില്‍ 70 ശതമാനം കടന്ന് പോളിങ്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിച്ചപ്പോള്‍ സംസ്ഥാനത്ത് 70.35 ശതമാനത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8.15ന് സംസ്ഥാനത്തെ പോളിങ് 70.35 ശതമാനമാണ്. ആറ് മണിക്ക് മുമ്പ് ബൂത്തിലെത്തിയവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
കണ്ണൂരിലാണ് ഇത്തവണ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍ 75.74 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പത്തനംതിട്ട മണ്ഡലത്തില്‍ 63.32 ശതമാനവും. കണ്ണൂരിന് പുറമേയുള്ള 10 മണ്ഡലങ്ങളിലും 70 ശതമാനത്തിലേറെ പോളിങ് ഉണ്ടായിട്ടുണ്ട്.
എന്നാല്‍ സംസ്ഥാനത്ത് നീതിയുക്തമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തെ പല ബൂത്തുകളിലും വോട്ടര്‍മാര്‍ മണിക്കൂറുകളോളം കാത്ത് നിന്ന ശേഷം മടങ്ങി പോയിയെന്നും മടങ്ങി വന്നവരില്‍ പലര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ആറ് മണിക്ക് മുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തിയിട്ടും പലയിടങ്ങളിലും വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വോട്ടിങ് മെഷീനുകളില്‍ തകരാര്‍ കണ്ടെത്തിയ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്താനുള്ള സമയം ദീര്‍ഘിപ്പിച്ച് നല്‍കിയില്ലെന്നും സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയില്‍ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇതില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Content Highlight: In the Lok Sabha polls, polling in Kerala crossed 70 percent