| Wednesday, 14th December 2022, 11:45 pm

പതിവ് തെറ്റിച്ചില്ല; ഇത്തവണയും തെന്നിന്ത്യയില്‍ ഒന്നാമതെത്തി വിജയ്; തൊട്ടുപിന്നാലെ സൂര്യ; പട്ടികയില്‍ ഇടം നേടി രജിനികാന്തും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട നടന്മാരുടെ പട്ടിക പുറത്ത്. 100 പേരടങ്ങുന്ന പട്ടികയില്‍ സൗത്ത് ഇന്ത്യയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്തിയിരിക്കുന്നത് വിജയ് ആണ്. 15ാം സ്ഥാനമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 2021 ല്‍ പുറത്ത് വന്ന പട്ടികയിലും 19ാം സ്ഥാനത്ത് വിജയ് എത്തിയിരുന്നു. ഇത്തവണ നാല് സ്ഥാനം മുന്നിലേക്ക് കയറിയിരിക്കുകയാണ് വിജയ്.

ഗൂഗിള്‍ സെര്‍ച്ചില്‍ 45ാം സ്ഥാനത്ത് എത്തിയ സൂര്യയാണ് വിജയ് കഴിഞ്ഞാല്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തിയ കോളിവുഡ് താരം. ധനുഷ് (46), രജിനികാന്ത് (68), അജിത് (78) എന്നിവരാണ് ആദ്യ നൂറില്‍ ഇടം പിടിച്ച മറ്റ് തമിഴ് താരങ്ങള്‍. 2021ലെ പട്ടികയില്‍ രജിനികാന്തും അജിത്തും ഇല്ലായിരുന്നു.

ബീസ്റ്റാണ് ഒടുവില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം. മോശം അഭിപ്രായങ്ങള്‍ക്കിടയിലും ചിത്രം വലിയ കളക്ഷന്‍ നേടിയിരുന്നു. വാരിസാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം. വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയേറ്ററുകളില്‍ എത്തുക. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മാണം. ഈ നിര്‍മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

വിജയ് ചിത്രത്തിനൊപ്പം അജിത്തിന്റെ തുനിവും റിലീസ് ചെയ്യുന്നുണ്ട്. എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്. മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: In the list of most searched actors in 2022, Vijay has reached the highest position from South India

We use cookies to give you the best possible experience. Learn more