| Sunday, 21st August 2022, 11:51 pm

മാന്‍ ഓഫ് ദി മാച്ചില്‍ ഒതുങ്ങിയില്ല; ധോണിയുടെ റെക്കോഡും മറികടന്ന് സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയില്‍ തന്നെ ഇന്ന് ഏറ്റവുമധികം ടാലന്റുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ് സഞ്ജു സാംസണ്‍. കരിയറിന്റെ തുടക്കത്തില്‍ നിരവധി തവണ തഴയപ്പെട്ട സഞ്ജു അടുത്ത കാലത്തായി സ്വപരിശ്രമത്തിലൂടെ തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-സിബാബ്‌വേ പരമ്പരയില്‍ ഒടുവില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ സഞ്ജു 43 റണ്‍സ് നേടിയിരുന്നു. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. സിക്‌സടിച്ച് മത്സരം വിജയിപ്പിച്ച സഞ്ജു തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ചും.

ഇതുകൂടാതെ പുതിയൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു. അഞ്ച് ഇന്നിങ്സില്‍ ഏറ്റവും ഉയര്‍ന്ന ഏകദിന ശരാശരിയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ എം.എസ്. ധോണിയെ മറികടന്നിരിക്കുകയാണ് താരം.

അഞ്ച് ഇന്നിങ്സില്‍ ഏറ്റവും ഉയര്‍ന്ന ഏകദിന ശരാശരിയുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍

1. കെ.എല്‍. രാഹുല്‍ (75.8)

2. സഞ്ജു സാംസണ്‍ (53.7)

3. എം.എസ്. ധോണി (42.5)

4. രാഹുല്‍ ദ്രാവിഡ് (39.5)

അതേസമയം, സിബാബ്‌വെക്കെതിരായ മത്സരത്തില്‍ ശിഖര്‍ ധവാന്‍(33), കെ.എല്‍. രാഹുല്‍(1), ശുഭ്മാന്‍ ഗില്‍(33), ഇഷാന്‍ കിഷന്‍(6), ദീപക് ഹൂഡ(25), അക്സര്‍ പട്ടേല്‍(6*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷര്‍ദൂല്‍ താക്കൂര്‍, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവരാണ് സിംബാബ്‌വെയെ 38.1 ഓവറില്‍ 161 റണ്‍സില്‍ ഓള്‍ഔട്ടാക്കിയത്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം നാളെ നടക്കും. ജയിച്ചാല്‍ ഇന്ത്യക്ക് 3-0ന് പരമ്പര സ്വന്തമാക്കാം.

Content Highlight: In the list of Indian wicketkeepers with the highest ODI average in five innings, sanju samsan has surpassed ms dhoni 

We use cookies to give you the best possible experience. Learn more