ടി-20 ലോകകപ്പിന് മുമ്പ് തങ്ങളുടെ അവസാന സന്നാഹ മത്സരങ്ങള്‍ കളിക്കുന്ന തിരിക്കിലാണ് ഇന്ത്യ. ബുധനാഴ്ച ന്യൂസിലാന്‍ഡിനെതിരെ നടക്കുന്ന സന്നാഹ മത്സരം കൂടി അവസാനിച്ചാല്‍ ഇന്ത്യ ലോകകപ്പിന് സുസജ്ജമാകും. ഒക്ടോബര്‍ 23ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
തിങ്കളാഴ്ച ഓസ്‌ട്രേലിയയുമായി നടന്ന സന്നാഹ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ കെ.എല്‍. രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്.
വിരേന്ദര്‍ സേവാഗിന്റെ കളി ശൈലി പോലെയായിരുന്നു രാഹുല്‍ ബാറ്റ് വീശിയത്. 5.2 ഓവര്‍ ആയപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 57ല്‍ എത്തിനില്‍ക്കവെ തന്നെ രാഹുല്‍ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. രോഹിത് ശര്‍മ അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം എടുത്ത് നില്‍ക്കുമ്പോഴാണ് രാഹുല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
ഒടുവില്‍ ഇന്ത്യന്‍ സ്‌കോര്‍ 78ലും വ്യക്തിഗത സ്‌കോര്‍ 57ലും നില്‍ക്കവെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ആഷ്ടണ്‍ അഗറിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രോഹിത് ശര്‍മയും പുറത്തായി. ഇത്തവണ ആഷ്ടണ്‍ അഗറിന്റെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലായിരുന്നു ക്യാച്ചെടുത്ത് ഇന്ത്യന്‍ നായകനെ പുറത്താക്കിയത്.
വണ്‍ ഡൗണായി ഇറങ്ങിയ വിരാട് കോഹ്‌ലി ഒരു ഫോറും ഒരു സിക്‌സറുമടക്കം 13 പന്തില്‍ നിന്നും 19 റണ്‍സാണ് നേടിയത്. ടീം സ്‌കോര്‍ 122ല്‍ നില്‍ക്കവെ വിരാടും തിരിച്ച് കൂടാരം കയറി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയായിരുന്നു വിരാടിന്റെ മടക്കം.
വന്നൊരു പോക്ക് എന്ന് പറഞ്ഞതുപോലെയായിരുന്നു ഹര്‍ദിക്കിന്റെ മടക്കം. രണ്ട് റണ്‍സ് മാത്രമെടുത്ത് ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. കെയ്ന്‍ റിച്ചാര്‍ഡ്‌സണാണ് വിക്കറ്റ് സ്വന്തമാക്കിയത്.
ടീം സ്‌കോര്‍ 155ല്‍ നില്‍ക്കവെ ദിനേഷ് കാര്‍ത്തിക്കും പുറത്തായി. 14 പന്തില്‍ നിന്നും 20 റണ്‍സുമായി നില്‍ക്കവെയാണ് താരം പുറത്തായത്. കെയ്ന്‍ റിച്ചാര്‍ഡ്‌സണിന്റെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് താരത്തെ ക്യാച്ചെടുത്ത് പുറത്താക്കിയത്.
അര്‍ധസെഞ്ച്വറി തികച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സൂര്യകുമാറിന്റെ മടക്കം. ഇത്തവണ പന്തെറിഞ്ഞതും ക്യാച്ചെടുത്തതും കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ തന്നെയായിരുന്നു.
ഇന്ത്യന്‍ നിരയില്‍ പുറത്തായ ഏഴ് പേരും ഓസീസ് ഫീല്‍ഡര്‍മാര്‍ക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായതെന്നാണ് ഇതിലെ രസകരമായ വസ്തുത. ഗ്ലെന്‍ മാക്‌സ്‌വെല്ലും കെയ്ന്‍ റിച്ചാര്‍ഡ്‌സണുമാണ് ഇന്ത്യന്‍ നിരയിലെ ഭൂരിഭാഗം വിക്കറ്റുകളും വീഴാന്‍ കാരണമായതും.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 186 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ 180 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്.
Content Highlight: In the India-Australia warm-up match, the Aussies were caught and dismissed by the Indian players.