തൃശൂര്‍: സംസ്ഥാന ധനകാര്യ വകുപ്പിന്റെ നേരിട്ടുള്ള ഉത്തരവില്‍ നടത്തിയ തൃശൂരിലെ സ്വര്‍ണനിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ ജി.എസ്.ടി റെയ്ഡില്‍ കണ്ടെത്തിയത് ആയിരം കോടിയുടെ തട്ടിപ്പ്. അഞ്ച് വര്‍ഷത്തെ രേഖകളില്‍ നിന്നാണ് തട്ടിപ്പ് കണ്ടെത്തിയത്.
വിറ്റുവരവ് മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തുകയായിരുന്നു. മാസം 10 കോടിയോളം വിറ്റുവരവുള്ള കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് കോടി മാത്രമെന്നാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ മുതലാണ് തൃശൂരില്‍ ജി.എസ്.ടി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 108 കിലോ സ്വര്‍ണം കണ്ടെത്തിയിരുന്നു. കണ്ടെത്തിയ മറ്റു രേഖകള്‍ പരിശോധിച്ചതിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ ജി,എസ്.ടി വെട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
സംസ്ഥാനത്തുടനീളമായി പ്രവര്‍ത്തിക്കുന്ന 44 ഉദ്യോഗസ്ഥരുടെ സംഘത്തെ ഈ രേഖകള്‍ പരിശോധിക്കുന്നതിനായി നിലവില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൃശൂരിലേത് സംസ്ഥാനത്ത് നടന്നതില്‍ വെച്ച് ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡ് ആയിരുന്നു.
തൃശൂരിലെ 74 കേന്ദ്രങ്ങളിലാണ് ജി.എസ്.ടി റെയ്ഡ് നടന്നത്. സംസ്ഥാനത്തിന്റെ 78 ഓളം ഭാഗങ്ങളില്‍ നിന്നുള്ള 700 ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
‘ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ’യുടെ ഭാഗമായിരുന്നു ജില്ലയിലെ റെയ്ഡ്. സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് സ്പെഷ്യല്‍ കമ്മീഷണര്‍ എബ്രഹാം റെന്‍. എസ്സിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്.
പരിശോധനയുടെ രഹസ്യസ്വഭാവം ഉറപ്പാക്കികൊണ്ടാണ് സംസ്ഥാനത്തുടനീളമുള്ള ഉദ്യോഗസ്ഥര്‍ തൃശൂരിലേക്ക് എത്തിയത്. ഉല്ലാസയാത്ര 24, അയല്‍ക്കൂട്ടങ്ങളുടെ ഉല്ലാസയാത്ര, ഫിനാന്‍ഷ്യല്‍ മീറ്റ് തുടങ്ങിയ ഫ്ളക്സുകള്‍ പതിപ്പിച്ച ടൂറിസ്റ്റ് ബസില്‍ ഉദ്യോഗസ്ഥര്‍ ജില്ലയുടെ അതിര്‍ത്തി കടക്കുകയായിരുന്നു.
ജി.എസ്.ടി ഉദ്യോഗസ്ഥരെ പരിശീലനത്തിന്റെ മറവില്‍ ജില്ലയില്‍ എത്തിച്ചാണ് ഉന്നതനേതൃത്വം റെയ്ഡിനുള്ള നീക്കങ്ങള്‍ നടത്തിയത്.
Content Highlight: In the GST raid conducted in the gold manufacturing centers of Thrissur, a fraud of one thousand crores was found