വലിയ ഹൈപ്പിനും ഒപ്പം വിവാദങ്ങള്‍ക്കുമിടയിലാണ് ബ്രഹ്മാസ്ത്ര തിയേറ്ററുകളിലേക്ക് എത്തിയത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും നായികാനായകന്മാരായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള പേരാട്ടമാണ് കാണിക്കുന്നത്. ശിവ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രണ്‍ബീര്‍ അവതരിപ്പിക്കുന്നത്. ഇഷയായി ആലിയ ഭട്ടുമെത്തുന്നു.
******************spoiler alert *********************
ലോകത്തെ രക്ഷിക്കുന്നതിനിടക്ക് ഒരു പ്രണയ ട്രാക്കിലൂടെയും ചിത്രം കടന്നുപോകുന്നുണ്ട്. പക്കാ ക്ലീഷേ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. പത്ത് വര്‍ഷം കഥയ്ക്ക് പുറകെ നടന്നിട്ടും പുതിയൊരു പ്രണയ ട്രാക്ക് കണ്ടെത്താന്‍ മാത്രം അയാന്‍ മുഖര്‍ജിക്ക് കഴിഞ്ഞില്ല.
അനാഥനായ ശിവക്ക് ധനികയായ ഇഷയോട് പ്രണയം തോന്നുന്നു. ഉടനെ തന്നെ ഇഷക്ക് തിരിച്ചും ഒരു ക്രഷടിക്കുന്നു. ഒപ്പം അനാഥാലയം നടത്തുന്ന ശിവയേയും ആരോരുമില്ലാത്ത അവന്റെ സങ്കടങ്ങളേയും കാണുമ്പോള്‍ ഇഷ ഫ്‌ളാറ്റ്. പതിവ് പോലെ നന്മമരമായ, അനാഥനായ നായകനോടുള്ള സഹതാപം പ്രേമമായി പൂവിടുന്നു.
പിന്നെ കുട്ടികളോടൊപ്പം ബര്‍ത്ത്‌ഡേ പാര്‍ട്ടിയായി ഡാന്‍സായി, പാട്ടായി. ഒപ്പം നായികയുടെ ക്യൂട്ട്‌നെസ് ഓവര്‍ലോഡഡും. നായകനോട് നായികക്ക് പ്രേമം തോന്നാനുള്ള വഴി മാത്രമായിരുന്നു അനാഥാലയവും അവിടുത്തെ കുട്ടികളും. സിനിമയില്‍ പിന്നെ ഒരു രംഗത്തും ഈ കുട്ടികളെ കാണാന്‍ പറ്റില്ല.
നായകന്‍ താമസിക്കുന്ന അനാഥാലയമെങ്കിലും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ നായികയുടെ വീടിനെ പറ്റിയോ ബന്ധുക്കളെ പറ്റിയോ ചിത്രത്തില്‍ ഒരു പരമര്‍ശവുമില്ല. ഇഷ ധനികയാണെന്ന് മാത്രം പ്രേക്ഷകര്‍ക്ക് മനസിലാകും.
കഥയുടെ ഒഴുക്ക് നഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രത്തില്‍ പ്രണയഭാഗങ്ങള്‍ പറഞ്ഞുപോകുന്നത്. അതിനാല്‍ തന്നെ വിശദമായി പറയേണ്ട ഭാഗങ്ങള്‍ പറയാനും സംവിധായകന് കഴിയുന്നില്ല. ആലിയയുടെയും രണ്‍ബീറിന്റെയും പ്രകടനവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. മുന്‍ചിത്രങ്ങളിലൂടെ തങ്ങളുടെ കാലിബര്‍ എന്താണെന്ന് ഇരുവരും കാണിച്ചുതന്നിട്ടുള്ളതാണ്.
ഗംഗുഭായിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആലിയയിലെ അഭിനേത്രിയെ എവിടെയെക്കെയോ നഷ്ടമാവുന്നുണ്ട്. അയാന്‍ മുഖര്‍ജിയുടെ തന്നെ ആദ്യ ചിത്രങ്ങളായ വേക്ക് അപ്പ് സിഡ്, ഹേ ജവാനി ഹേ ദിവാനി എന്നീ ചിത്രങ്ങളില്‍ നിരൂപക പ്രശംസ നേടിയ പ്രകടനം നടത്തിയ രണ്‍ബീര്‍ കപൂര്‍ എവിടെ പോയെന്ന് ബ്രഹ്മാസ്ത്ര കാണുമ്പോള്‍ തോന്നും.
Content Highlight: In the film brahmastra, the romantic parts are told in such a way that the flow of the story is lost