സിറ്റിയും ലിവർപൂളും ചിരിച്ചു ; ചെകുത്താൻമാർക്ക് കണ്ണീരിന്റെ രാത്രി
Football
സിറ്റിയും ലിവർപൂളും ചിരിച്ചു ; ചെകുത്താൻമാർക്ക് കണ്ണീരിന്റെ രാത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th September 2023, 12:59 pm

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെയും ലിവർപൂൾ വോൾവസിനെയും വീഴ്ത്തി മിന്നും ജയം സ്വന്തമാക്കിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവിയോടെ മടങ്ങുകയായിരുന്നു. യുണൈറ്റഡ് ബ്രറ്റനോട്‌ പരാജയപ്പെട്ട് പതിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

മോളിന്യൂ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ലിവർപൂളിന്റെ തിരിച്ചുവരവ്.

മത്സരത്തിന്റെ ഏഴാം മിനിട്ടിൽ ഹാങ് ഹീ ചാനിലൂടെയായിരുന്നു വോൾവസ് മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പുറകിൽ നിന്ന ലിവർപൂൾ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരികയായിരുന്നു.

മത്സരത്തിന്റെ 55ാം മിനിട്ടിൽ പെനാൽട്ടി ബോക്സിൽ നിന്നും കോടി ഗാക്പോ അനായാസം ഗോൾ നേടിക്കൊണ്ട് ലിവർപൂളിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. മത്സരത്തിന്റെ 85ാം മിനിട്ടിൽ സൂപ്പർ താരം മുഹമ്മദ് സലയിൽ നിന്നും പന്ത് സ്വീകരിച്ച ഹെൻഡേഴ്സൺ രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ സലയുടെ അസ്സിസ്റ്റിൽ നിന്നും ഹാർവി എലിയട്ട് പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്തപ്പോൾ എതിർതാരം ഹൈഗോ ബ്യുനോയുടെ കാലിൽ തട്ടി പന്ത് വോൾവസിന്റെ പോസ്റ്റിലേക്ക് കയറുകയായിരുന്നു.

മത്സരം 3-1 ന് യാർഗൻ ക്ളോപ്പിന്റെ കുട്ടികൾ വിജയിക്കുകയും ചെയ്തു.

ആവേശം നിറഞ്ഞ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആയ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ വീഴ്ത്തി.

മത്സരത്തിന്റെ 36ാം മിനിട്ടിൽ ജെയിംസ് വാർഡ്- പ്രൗസിലൂടെ വെസ്റ്റ്ഹാമാണ് മത്സരത്തിൽ ആദ്യമായി ലീഡ് നേടിയത്. എന്നാൽ മത്സരത്തിന്റെ 46ാം മിനിട്ടിൽ ജെറമി ഡോക്യുവിലൂടെ സിറ്റി ഒപ്പം പിടിച്ചു. 76ാം മിനിട്ടിൽ ബെർണാഡോ സിൽവയും 86ാം മിനിട്ടിൽ ഏർലിങ് ഹാലണ്ടും വെസ്റ്റ് ഹാമിന്റെ വലകുലുക്കിയതോടെ സിറ്റി അനായാസം ജയം പിടിച്ചെടുക്കുകയായിരുന്നു.

 

അതേസമയം സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്രറ്റണിനോട്‌ പരാജയപ്പെട്ടു.

ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ 20ാം മിനിട്ടിൽ ഡാനി വെൽബെക്ക് ആണ് ബ്രറ്റണിന്റെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 53ാം മിനിട്ടിൽ പാസ്‌കോ ഗ്രോബും 71ാം മിനിട്ടിൽ ജാവോ പെഡ്രോയും ഗോൾ നേടിയതോടെ റെഡ് ഡെവിൽസ് സ്വന്തം ആരാധകരുടെ മുന്നിൽ നാണം കെടുകയായിരുന്നു. 73ാം മിനിട്ടിൽ ഹന്നിബാൽ മജ്‌ബിയുടെ വകയായിരുന്നു യുണൈറ്റഡിന്റെ ആശ്വാസഗോൾ.

 

നിലവിൽ അഞ്ചിൽ അഞ്ചും ജയിച്ചു 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.

അഞ്ച് മത്സരങ്ങളിൽ നിന്നും നാല് വിജയവുമായി മൂന്നാം സ്ഥാനത്താണ് ലിവർപൂൾ.

അഞ്ച് മത്സരങ്ങളിൽ നാല് വിജയവും ഒരു തോൽവിയുമടക്കം 12 പോയിന്റുമായി ബ്രറ്റൺ നാലാം സ്ഥാനത്തെത്തി.

Content Highlight: In the English Premier League, Manchester City and Liverpool won while Manchester United lost.