ന്യൂദല്‍ഹി: നെടുങ്കണ്ടത്ത് വര്‍ഷങ്ങളായി താമസിക്കുന്ന യുവാവ് തിഹാര്‍ ജയിലില്‍ കഴിഞ്ഞത് 35 ദിവസം. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി ദല്‍ഹി സ്വദേശിയായ യുവതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ചെന്നൈ സ്വദേശിയായ ഷമീമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ദല്‍ഹി പൊലീസിന്റേതായിരുന്നു നടപടി.
കഴിഞ്ഞ ആറ് വര്‍ഷമായി ഷമീം നെടുങ്കണ്ടത്താണ് താമസിക്കുന്നത്. ദല്‍ഹി സ്വദേശിയായ യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ഷമീമിനെതിരായ കേസ്.
എന്നാല്‍ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ കേസിലെ വാദങ്ങള്‍ ഷമീം തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഷമീം ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്ന് പൊലീസിന് തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.
പിന്നാലെ യുവാവിന്റെ കൈവശമുണ്ടായിരുന്ന ഫോണിന്റെ ഐ.പി അഡ്രസ് ഉപയോഗിച്ച് മറ്റൊരാള്‍ യുവതിക്ക് സന്ദേശം അയക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
നെടുങ്കണ്ടത്ത് നിന്ന് ഷമീം സെക്കന്റ് ഹാന്‍ഡ് ആയി വാങ്ങിയ ഫോണിന്റെ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്. നേരത്തെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് അറസ്റ്റിലായിരുന്നു. ദല്‍ഹി സ്വദേശിയായ മാനവ് വിഹാരിയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ഷമീമിന്റെ കൈവശമുണ്ടായിരുന്ന വിദേശ നമ്പറില്‍ നിന്ന് യുവതിയെ വിളിക്കുകയും വാട്ട്‌സ്ആപ്പ് കോള്‍ ചെയ്തെന്നും പണം ആവശ്യപ്പെട്ടെന്നുമായിരുന്നു ഇയാള്‍ക്കെതിരായ കേസ്.
എന്നാല്‍ ഷമീമിന് മാനവ് വിഹാരിയുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പിന്നീട് കണ്ടെത്തിയത്. അതേസമയം ഐ.പി അഡ്രസ് ഉപയോഗിച്ച് യുവതിക്ക് സന്ദേശം അയച്ചത് ആരാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
2023 നവംബര്‍ 22 നാണ് പ്രസ്തുത കേസില്‍ നെടുങ്കണ്ടത്ത് നിന്ന് യുവാവ് അറസ്റ്റിലാകുന്നത്. നിലവില്‍ കേസില്‍ നിന്ന് ഷമീമിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ദല്‍ഹി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 2024 ജനുവരി 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
Content Highlight: In the end, the police said that he was innocent; The youth spent 35 days in Tihar Jail