| Thursday, 8th November 2012, 6:38 pm

In the darkness of festivals

DoolNews Desk

വേഷപ്പൊലിമ കൊണ്ടും വാക്ചാതുരി കൊണ്ടും മിഡില്‍ ക്ലാസിന്റെ ഗുഡ് ബുക്കില്‍ ഇടംപിടിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെയൊരു പേരുണ്ടാവില്ല. വലിയ ചിരികളില്‍ എല്ലാമൊതുക്കുന്ന കോമാളിയെ പോലെ നിഷ്‌കളങ്കമായ ചിരിയില്‍ ജീവിതത്തിന്റെ ദുരിതപാഠങ്ങള്‍ ഒതുക്കുന്നു ഈ മനുഷ്യനും.


കാലിഡോസ്‌കോപ്പ് /പ്രകാശ് മഹാദേവഗ്രാമം


“”ലോകത്തിലെ എല്ലാ മനുഷ്യരും സ്വന്തം ജീവിതത്തില്‍ നിന്ന് കുടിയിറക്കപ്പെട്ടവരാണ്””
പി.വി ഷാജികുമാര്‍

കാറ്റിനൊപ്പമുള്ള അപ്പൂപ്പന്‍താടിയുടെ യാത്ര പോലെ ചില ജീവിതങ്ങളുണ്ട്. ജീവിതത്തിന്റെ കുറേ വേഷം കെട്ടലുകള്‍. അങ്ങനെയൊരു ജീവിതമാണ് തളിപ്പറമ്പിനടുത്ത പട്ടുവത്തെ ബാബൂവിന്റേത്. ഉത്സവപ്പറമ്പുകള്‍ വീതിച്ചെടുത്തതാണ് ഇയാളുടെ ജീവിതം. പക്ഷേ, ജീവിതത്തിന് ഉത്സവങ്ങളുടെ നിറപ്പകിട്ടില്ലാതെ പോയി.

ഉത്സവപ്പറമ്പുകളിലെ ഹോട്ടലുകളില്‍ ചായ അടിക്കാരനായിട്ട് കൂടിയിട്ട് കാലമേറെയായി. അടുക്കളച്ചൂരാണ് ഇയാളുടെ ഗന്ധം, വിയര്‍പ്പിന് ഉപ്പുരുചിയാണ്, സമോവറിന്റെ തിളപ്പാണ് ജീവിതത്തിന്. വേഷപ്പൊലിമ കൊണ്ടും വാക്ചാതുരി കൊണ്ടും മിഡില്‍ ക്ലാസിന്റെ ഗുഡ് ബുക്കില്‍ ഇടംപിടിക്കുന്നവര്‍ക്കിടയില്‍ ഇങ്ങനെയൊരു പേരുണ്ടാവില്ല. വലിയ ചിരികളില്‍ എല്ലാമൊതുക്കുന്ന കോമാളിയെ പോലെ നിഷ്‌കളങ്കമായ ചിരിയില്‍ ജീവിതത്തിന്റെ ദുരിതപാഠങ്ങള്‍ ഒതുക്കുന്നു ഈ മനുഷ്യനും.[]

ജീവിതത്തിലെ ഒരിക്കലും താങ്ങാനാവാത്ത ഭാരമാണ് ഇയാളെ ഇങ്ങനെ ഓരോ വേഷം കെട്ടിക്കുന്നത്. ഇടുക്കി ജില്ലയിലെ പള്ളിപ്പെരുന്നാളുകളില്‍ തുടങ്ങി കാസര്‍ഗോഡ് ജില്ലയിലെ ഉദുമ പാലക്കുന്ന് ഉത്സവത്തോടെ അവസാനിക്കുന്നതാണ് ബാബുവിന്റെ ഒരു കലണ്ടര്‍ വര്‍ഷം. നിറപ്പകിട്ടുള്ള നമ്മുടെ സ്വപ്‌നങ്ങളിലൊന്നും ഈ മനുഷ്യന് ഇടമുണ്ടാകില്ല. ഇയാള്‍ ഭൂകണ്ഡങ്ങള്‍ നടന്ന് തീര്‍ക്കുന്നത് അടുക്കളച്ചുവരുകള്‍ക്കിടയിലെ ഇത്തിരി വൃത്തത്തിനുള്ളിലാണ്.

കട്ടപ്പന, കോതമംഗലം, മൂവാറ്റുപുഴ, കടത്തുരുത്തി പള്ളിപ്പെരുന്നാളുകള്‍- ഏറ്റുമാനൂര്‍, ചോറ്റാനിക്കര, തൃപ്രയാര്‍ ഉത്സവം, തൃശ്ശൂര്‍ പൂരം, കൊടുങ്ങല്ലൂര്‍ ഭരണി, മാഹി പള്ളിപ്പെരുന്നാള്‍, പറശ്ശിനി, കുന്നത്തൂര്‍പ്പാടി, കൊട്ടിയൂര്‍ ഉത്സവം, പയ്യന്നൂര്‍ ആരാധാന മഹോത്സവം, പുളിങ്ങോം മഖാം ഉറൂസ്, പാലക്കുന്ന് ഉത്സവം… ബാബുവിന്റെ കലണ്ടറില്‍ അക്കങ്ങള്‍ ഇങ്ങനെയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളമോ, ഏറ്റുമാനൂരപ്പന്റെ എഴുന്നള്ളത്തോ, വൈക്കത്തെ അഷ്ടമിവിളക്കോ, ചോറ്റാനിക്കര മകം തൊഴലോ ബാബു കണ്ടിട്ടില്ല. നരച്ച ജീവിതത്തിന് ചുറ്റും ട്രപ്പീസ് കളിക്കുന്നവന് സ്വപ്‌നങ്ങളും ദൈവങ്ങളും കയ്യെത്താത്ത ദൂരത്തിലാണ്.

“ഉത്സവപ്പറമ്പുകള്‍ക്ക് രാത്രിയും പകലുമില്ലാത്തത് കൊണ്ട് ഉറക്കം തന്നെ അപൂര്‍വമാണ്. പലപ്പോഴും ഇരിക്കാന്‍ പോലും നേരമുണ്ടാവില്ല. ഉത്സവച്ചായകള്‍ക്ക് രുചിയൊന്നുമുണ്ടാവില്ല. ഒരു ലിറ്റര്‍ പാലില്‍ 35 ചായ വരെ കൂട്ടും. 100 ഉം 150 ഉം ലിറ്ററിന്റെ ചായ കൂട്ടും ഒരു ഷിഫ്റ്റില്‍. മണ്ഡലകാലത്ത് ശബരിമലയിലും പമ്പയിലുമായി 10 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. ഒരു ഷിഫ്റ്റില്‍ 200 ലിറ്റര്‍ പാലിന്റെ ചായ അടിക്കും”…. ബാബു പതിയെ ജീവിതത്തിന്റെ പേജുകള്‍ മറിക്കുകയാണ്.

ഏതെങ്കിലും ഹോട്ടലില്‍ സ്ഥിരമായി ജോലി ചെയ്തുകൂടെ എന്ന എന്റെ ചോദ്യത്തിന് ബാബു ഉത്തരം പറഞ്ഞില്ല. ചില്ലപ്പോഴെങ്കിലും വല്ലാത്തൊരു കൗതുകം ഒളിപ്പിക്കുന്നുണ്ട് ഇവരൊക്കെ ജീവിതത്തില്‍. ഒരുപക്ഷേ, ഇത്തരം കൗതുകമാണ് ഇവരെ ജീവിപ്പിക്കുന്നതും. ബാബു എനിക്കൊരു സ്‌ട്രോങ് ചായ തന്ന് ജീവിതവൃത്തം പൂരിപ്പിച്ച് അയാളുടെ ഇരുട്ടിലേക്ക് മടങ്ങി. ഏതെങ്കിലും ഉത്സവപ്പറമ്പില്‍ വീണ്ടും കണ്ടുമുട്ടും വരെ വിട.

Phone: +91 9895 238 108

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്

ബേര്‍ണിങ് ലൈഫ്

എ ലൈഫ് ലൈക്ക് എ റിവര്‍

വറുതികാലത്തെ തെയ്യങ്ങള്‍

ഒറ്റസ്‌നാപ്പിലൊതുങ്ങുന്നതല്ല ഈ ജീവിതം

തെയ്യമായാലും മനുഷ്യനായാലും പുലയന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനാണ്

We use cookies to give you the best possible experience. Learn more