തൃശൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറും നടനുമായ ടൊവിനോ തോമസിന്റെ ചിത്രം പ്രചരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിനെതിരെ പരാതി. എന്‍.ഡി.എ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നല്‍കിയിരിക്കുന്നത്.
കമ്മീഷന്റെ അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നാണ് ചൂണ്ടിക്കാട്ടി തൃശൂർ ജില്ലാ കളക്ടർക്കാണ് എൻ.ഡി.എ പരാതി നൽകിയിരിക്കുന്നത്.
ഇടത് സ്ഥാനാര്‍ത്ഥിയുടെ നീക്കം തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിത്വം തടയണമെന്നും പരാതിയില്‍ എന്‍.ഡി.എ ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫോട്ടോ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ടൊവിനോ രംഗത്തെത്തിയിരുന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡര്‍ ആയതിനാല്‍ തന്റെ ഫോട്ടോയും തന്നോടൊപ്പമുള്ള ഫോട്ടോയും പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ‘ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് എടുത്തതാണ്. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിന്‍വലിച്ചു,’ എന്ന് വി.എസ്. സുനില്‍ കുമാര്‍ പ്രതികരിച്ചു. എന്നാല്‍ സുനില്‍കുമാറിന്റെ പ്രതികരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.ഡി.എയുടെ നീക്കം.
Content Highlight: In the controversy of Tovino Thomas’ picture being used for propaganda, NDA filed a complaint against VS Sunilkumar