ന്യൂദല്‍ഹി: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പേരുമാറ്റല്‍ അടക്കമുള്ള വിവാദങ്ങള്‍ ആളിക്കത്തിക്കേണ്ടെന്ന് ബി.ജെ.പി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത കേന്ദ്രമന്ത്രിമാരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
പ്രതിപക്ഷം ആയുധമാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. പാര്‍ട്ടി നേതാക്കള്‍ മാധ്യമങ്ങളോടടക്കം പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണം. രാജ്യത്തിന്റെ പേരുമാറ്റം അടക്കമുള്ള ചര്‍ച്ച പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വരുമ്പോള്‍ ഉന്നയിച്ചാല്‍ മതിയെന്നുമാണ് ബി.ജെ.പി തീരുമാനം.
ശനി, ഞായര്‍ ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ന് മുതല്‍ നാല് ദിവസം ദല്‍ഹിയില്‍ പൊതുഅവധിയാണ്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവര്‍ വ്യാഴാഴ്ച ദല്‍ഹിയിലെത്തും. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയ്ക്ക് എല്ലാ സഹകരണവും നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. റഷ്യയും ചൈനയും പ്രതിനിധികളെ അയച്ചിട്ടുണ്ട്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് തിനുബു ദല്‍ഹിയിലെത്തിയിട്ടുണ്ട്.
Content Highlight: In the context of the G20 summit, BJP said that controversies including changing the country’s name should not be ignited