ന്യൂദല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയായിരിക്കും ഇക്കാര്യം തീരുമാനിക്കുക എന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കും പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനുമിടയിലുള്ള അസ്വാരസ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ‘രണ്ട് പേര്‍ക്ക് നയിക്കാനാവില്ല, ഒരാള്‍ക്ക് മാത്രമേ സാധിക്കൂ’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
”മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. സാധാരണ ഞങ്ങള്‍ ഇങ്ങനെ ചെയ്യാറില്ല. പക്ഷെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇതാണ് വേണ്ടതെങ്കില്‍, ഞങ്ങള്‍ ഒരാളെ തെരഞ്ഞെടുക്കും,” പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ക്യാമ്പെയിനിനിടെ രാഹുല്‍ പറഞ്ഞു.
ചരണ്‍ജിത് സിംഗ് ചന്നിയും നവ്‌ജ്യോത് സിംഗ് സിദ്ദുവും വേദിയിലിരിക്കെയായിരുന്നു രാഹുലിന്റെ പ്രതികരണം.
”രണ്ട് പേര്‍ക്ക് നയിക്കാന്‍ പറ്റില്ലല്ലോ, ഒരാള്‍ക്ക് മാത്രമേ സാധിക്കൂ. ഒരാള്‍ നയിക്കുമ്പോള്‍ മറ്റെയാള്‍ പിന്തുണക്കുമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ട്. രണ്ട് പേര്‍ക്കും കോണ്‍ഗ്രസ് എന്ന ചിന്തയാണ് മനസിലുള്ളത്,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും രാഹുല്‍ ഗാന്ധിയുടെയും തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്ന് സിദ്ദു പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് വേണ്ടി ക്യാമ്പെയിന്‍ നടത്തുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്ന് ചന്നിയും പറഞ്ഞു.
തെരഞ്ഞടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം തീരുമാനിക്കൂ എന്നായിരുന്നു മുമ്പ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. മാര്‍ച്ച് 10നായിരിക്കും ഫലം അറിയുക.
Content Highlight: In the context of Navjot Singh Sidhu-Charanjit Singh Channi rivalry, Rahul Gandhi stressed that ‘two people can’t lead in Punjab