കോഴിക്കോട്: 24 ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ പരസ്പരം തര്‍ക്കിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹീമും. അവതാരകന്റെ നെറികെട്ട കോട്ട എന്ന പരാമര്‍ശമാണ് ബി. ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യമായിരുന്നു ചര്‍ച്ചയുടെ വിഷയം.
‘രാജ്യ തലസ്ഥാനത്ത്, പ്രധാനമന്ത്രിയുടെ മൂക്കിന്‍ കീഴില്‍, ഒരു കുറിയ മനുഷ്യന്‍ പതിഞ്ഞ ശബ്ദത്തില്‍ നിങ്ങളെയൊക്കെ വെല്ലുവിളിച്ച് നില്‍പാണവിടെ. നിങ്ങള്‍ കെട്ടിയ നെറികെട്ട കോട്ടയൊക്കെ പൊളിച്ചുകൊണ്ട് നില്‍പാണ്’ എന്നായിരുന്നു അവതാരകന്റെ വാക്കുകള്‍. ഇതില്‍ നെറികെട്ട കോട്ട എന്ന പ്രയോഗമാണ് തര്‍ക്കത്തിന് കാരണമായത്.
ഈ പരാമര്‍ശം കേട്ടതോടെ ബി. ഗോപാലകൃഷ്ണന്‍ രോഷാകുലനാകുകയായിരുന്നു. നിങ്ങള്‍ക്ക് നാണമുണ്ടോ നെറികെട്ട ഭാഷ സംസാരിക്കാനെന്ന് ബി. ഗോപാലകൃഷ്ണന്‍ തിരിച്ച് ചോദിച്ചു. നെറികെട്ട കോട്ട കെട്ടിയെന്ന് തന്നോട് ആരാടോ പറഞ്ഞത് എന്നും അദ്ദേഹം ചോദിച്ചു. 24 ചാനലില്‍ ഇരുന്ന് തോന്നിവാസം വിളിച്ചു പറയുകയാണോ എന്നും ബി.ജെ.പി നേതാവ് ചോദിച്ചു.
അത് കോടതിയില്‍ തെളിഞ്ഞതല്ലേ എന്ന് ഹാഷ്മി ആദ്യം സൗമ്യമായി മറുപടി പറഞ്ഞെങ്കിലും എന്ത് കോടതിയില്‍ തെളിഞ്ഞ് ചോദിച്ച് ബി.ഗോപാലകൃഷ്ണന്‍ തര്‍ക്കം തുടര്‍ന്നു. കോട്ടിട്ട് കൊണ്ട് തെണ്ടിത്തരം പറയരുതെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതോടെ ഹാഷ്മിയും രൂക്ഷമായി പ്രതികരിച്ചു. പാര്‍ട്ടി ഓഫീസില്‍ പറയുന്ന വാക്കുകള്‍ അവിടെ പോയി പറയണമെന്നും ഹാഷ്മി പറഞ്ഞു. ഇതോട ബി. ഗോപാലകൃഷ്ണന്‍ ‘താന്‍, തന്നോട്’ തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് ഹാഷ്മിയെ അഭിസംബോധന ചെയ്ത് തുടങ്ങി.
ഇതോടെ ഹാഷ്മിയും ബി. ഗോപാലകൃഷ്ണനെ ഗോപാലകൃഷ്ണാ എന്ന് പേരെടുത്ത് വിളിച്ചു. ഗോപാലകൃഷ്ണാ ആദ്യത്തെ ചിരിയൊക്കെ പോയോ എന്നും ഹാഷ്മി ചോദിച്ചു. നെറികെട്ട കോട്ട എന്ന് പറയാന്‍ തനിക്ക് കാരണങ്ങളുണ്ടെന്നും അവതാരകന്‍ പറഞ്ഞു. ഇതോടെ താനാരെണെന്നാണ് തന്റെ വിചാരണമെന്നും താന്‍ എന്താണ് സംസാരിക്കുന്നതെന്നും ബി. ഗോപാലകൃഷ്ണന്‍ അലറിക്കൊണ്ട് ചോദിച്ചു.
ഇതോടെ മോദിയെപ്പോലെ പിടിവിട്ട് സംസാരിക്കല്ലെ എന്ന് ഹാഷ്മി തിരിച്ചു പറഞ്ഞു. തെണ്ടിത്തരം എന്നൊക്കെ താങ്കളുടെ പാര്‍ട്ടി ഓഫീസില്‍ പറഞ്ഞാല്‍ മതിയെന്നും ഒരു വാക്കും പിന്‍വലിക്കില്ലെന്നും അവതാരകന്‍ പറഞ്ഞു. തെണ്ടിത്തരമെന്ന് വാക്ക് പത്ത് പ്രാവശ്യം പറയുമെന്ന് ബി. ഗോപാലകൃഷ്ണനും പറഞ്ഞു. പിന്നീട് താങ്കളുടെ ബി.പി കുറയുമ്പോള്‍ താന്‍ ചോദ്യം ചോദിക്കാമെന്നും തത്കാലം ഒരു ഇടവേളയിലേക്ക് പോകാമെന്നും പറഞ്ഞ് തര്‍ക്കം അവസാനിപ്പിക്കുകയാണുണ്ടായത്.