Sports News
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് തീപ്പൊരി പാറും; തകര്‍ന്ന് വീഴാനുള്ള റെക്കോഡുകളും മൈല്‍സ്‌റ്റോണുകളും ഇതാ...!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 22, 06:37 am
Saturday, 22nd February 2025, 12:07 pm

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള വമ്പന്‍ മത്സരമാണ് ഇന്ന് (ശനി) നടക്കാനിരിക്കുന്നത്. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനുമെന്ന പോലെ ആരാധകരെ ഹരം കൊള്ളിക്കുന്ന മത്സരമാണിത്.

മാത്രമല്ല ഇന്ന് നടക്കാനിരിക്കുന്ന വാശിയേറിയ മത്സരത്തില്‍ രണ്ട് ടീമിലെയും വമ്പന്‍ താരങ്ങള്‍ ഒട്ടനവധി റെക്കോഡും മൈല്‍സ്‌റ്റോണും നേടാനും ലക്ഷ്യമിടുന്നുണ്ട്. ഓസീസിന്റെ എക്കാലത്തെയും മിന്നും താരമായ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് മൂന്ന് നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

ഏകദിനത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരം, ഏഷ്യയില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനും അവസരം

146 ഏകദിന മത്സരങ്ങളിലെ 134 ഇന്നിങ്‌സില്‍ നിന്നും 126.28 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 3951 റണ്‍സാണ് താരം നിലവില്‍ നേടിയത്. ഇനി വെറും 49 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് താരത്തിനുള്ളത്. മാത്രമല്ല ഏഷ്യയില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാനും മാക്‌സ്‌വെല്ലിന് അവസരമുണ്ട്. ഏഷ്യന്‍ മണ്ണില്‍ 43 ഏകദിന മത്സരങ്ങളില്‍ നിന്ന് മാക്‌സ്വെല്‍ 40.37 ശരാശരിയില്‍ 1494 റണ്‍സ് നേടിയിട്ടുണ്ട്. ഈ നേട്ടത്തിലെത്താന്‍ താരത്തിന് വെറും ആറ് റണ്‍സ് കൂടി മതി.

Glenn Maxwell

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഓസ്‌ട്രേലിയന്‍ താരം

ഏകദിനത്തില്‍ മാക്‌സ്‌വെല്‍ നിലവില്‍ 152 സിക്‌സറുകളാണ് നേടിയത്. അതില്‍ ഇംഗ്ലണ്ടിനെതിരെ താരം ആകെ 23 സിക്‌സറുകളും നേടിയിട്ടുണ്ട്. ഇനി വെറും അഞ്ച് സിക്‌സര്‍ നേടിയാല്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓസീസ് താരമാകാന്‍ മാക്‌സിക്ക് സാധിക്കും. ഷെയ്ന്‍ വാട്‌സണ്‍ (27), ആരോണ്‍ ഫിഞ്ച് (25) എന്നിവരെ മറികടക്കാനും താരത്തിന് കഴിയും.

ട്രാവിസ് ഹെഡ്ഡിന് ഏഷ്യയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരം

ഓസീസിന്റെ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ ട്രോവിസ് ഹെഡ്ഡിന് ഏഷ്യയില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഇനി വെറും അഞ്ച് റണ്‍സ് മാത്രം മതി. 26 മത്സരങ്ങളില്‍ നിന്ന് 41.45 ശരാശരിയില്‍ 995 റണ്‍സാണ് ഏഷ്യയില്‍ നിന്ന് താരം നേടിയത്. അതില്‍ മൂന്ന് സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്.

Travis Head

ഓസീസിനെതിരെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന് 1000 റണ്‍സ് നേടാനുള്ള അവസരം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്കാണ് കുതിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 1000 ഏകദിന റണ്‍സ് നേടാന്‍ ബട്‌ലറിന് 71 റണ്‍സ് മാത്രം മതി. 35 മത്സരങ്ങളിലെ 33 ഇന്നിങ്സുകളില്‍ നിന്ന 37.26 ശരാശരിയില്‍ 969 റണ്‍സ് ബട്ലര്‍ നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ ബട്ലര്‍ 39.33 ശരാശരിയില്‍ 5114 റണ്‍സാണ് നിലവില്‍ നേടിയത്.

Jos Buttler

ജോ റൂട്ടിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 20500 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരം, 50 ഏകദിന സിക്‌സര്‍ നേടാനുള്ള അവസരം

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജോ റൂട്ടിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20500 റണ്‍സ് പൂര്‍ത്തിയാക്കുന്നതിന് ഇനി വെറും ഒരു റണ്‍സ് മാത്രമാണ് വേണ്ടത്. 52 സെഞ്ച്വറികളും 110 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെയാണ് റൂട്ട് മിന്നും പ്രകടനം നടത്തിയത്. ഏകദിന ക്രിക്കറ്റില്‍ റൂട്ട് 6634 റണ്‍സും നേടി. മാത്രമല്ല ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി 50 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ വെറും ഒരു സിക്‌സര്‍ കൂടിയാണ് താരത്തിന് വേണ്ടത്.

Joe Root

Content Highlight: In the Champions Trophy match between Australia and England, players can own records