| Friday, 23rd August 2024, 4:49 pm

ബേപ്പൂരിന്റെ സാംസ്കാരിക ചരിത്രത്തിന് ഒരു പൊൻതൂവൽ കൂടി; ഐ.സി.ആർ.ടി ഗോൾഡ് അവാർഡ് ബേപ്പൂരിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അറേബ്യ മുതൽ ചൈന വരെയുള്ള വ്യാപാര പാതകളിൽ വലിയ പങ്ക് വഹിച്ച തുറമുഖ നഗരമാണ് ബേപ്പൂർ. കേരളത്തിൻറെ ചരിത്രമുറങ്ങുന്ന ഈ തീരദേശ പട്ടണത്തിൻ്റെ സാംസ്കാരിക ചരിത്രത്തിന് അന്താരാഷ്ട്ര തലത്തിലുള്ള ഒരു നേട്ടം ലഭിച്ചിരിക്കുകയാണ്.

ഐ.സി.ആർ.ടി  ചാപ്റ്ററിൻ്റെ എംപ്ലോയിങ് ആൻഡ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി വിഭാഗത്തിൽ കേരള സർക്കാറിൻ്റെ ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസമാണ് അവാർഡ് നേടിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലുൾപ്പെടെ ഷോ കെയ്‌സുകളെ അലങ്കരിക്കുന്ന വർണവൈവിധ്യമുള്ള ‘കാന്റിൽ ക്വീൻ മെഴുകുതിരികൾ, പ്രിയപ്പെട്ടവർക്കുള്ള സമ്മാനപ്പൊതികൾ നൽകാൻ പേപ്പർ ബാഗുകൾ, പരിസ്ഥിതിയോടിണങ്ങുന്ന സീഡ് പേനകൾ കേരള സർക്കാറിൻ്റെ ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസത്തിന് കീഴിലുള്ള യൂണിറ്റുകൾ നിർമിക്കുന്ന എതാനും ഉൽപ്പന്നങ്ങളാണിവ.

നാടിന്റെ തനത് ഭംഗിയും പൈതൃകവും നിലനിർത്തി ഉത്തരവാദിത്വടൂറിസത്തിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് ബേപ്പൂർ. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പ്രദേശവാസികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക എന്നത് കൂടി ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഉത്തരവാദിത്വ ടൂറിസം മിഷൻ.

യുവതലമുറയ്ക്കും സ്ത്രീകൾക്കും ടൂറിസത്തിലുടെ തൊഴിലും വരുമാനവും ലഭിക്കാന്യമുള്ള ഒട്ടേറെ അവസരങ്ങളാണ് ബേപ്പൂരിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ (ആർടി മിഷൻ) നൽകിയത്. ഇതിൻ്റെ ഫലമായാണ് സർക്കാർ സമഗ്ര ഉത്തരവാദിത്വ ടൂറിസം പദ്ധതി ആരംഭിച്ച് രണ്ട് ‌ വർഷത്തിനകം ബേപ്പൂരിനെ തേടി ദേശീയ പുരസ്‌കാരമെത്തിയത്.

നാല് വനിതകൾ വീടുകളിലിരുന്നുണ്ടാക്കിയ ‘കാന്റിൽ ക്വീൻ’ എന്ന പ്രത്യേകതരം വർണ മെഴുകുതിരികൾ ആണ് ഇതിൽ ശ്രദ്ധേയമായ ഒരു ഉത്പന്നം. കുമരകം ആഗോള ടൂറിസം ഉച്ചകോടി യിൽ പങ്കെടുത്ത 200 പ്രതിനിധികൾക്കും കേരള ടൂറിസത്തിൻ്റെ സമ്മാനമായി നൽകിയത് ഈ വർണ മെഴുകുതിരികളാണ്.

കാന്റിൽ ക്വീൻ ടീം ലീഡറായ മിനി ഗോപി അത്യധികം സന്തോഷത്തോടെ തങ്ങളുടെ വിജയം പങ്കുവെച്ചു. 2022 ൽ ആരംഭിച്ച അവരുടെ കൊച്ചു സംരംഭം ഇന്ന് രാജ്യാന്തര തലത്തിൽ ഉയർന്നു നിൽക്കുന്നുവെന്നത് അവർക്കിപ്പോഴും അവിശ്വസനീയമാണ്.

‘2022 മാർച്ചിലാണ് ഞങ്ങൾക്ക് പരിശീലനം കിട്ടിയത്. പിന്നീട് പദ്ധതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഞങ്ങൾക്ക് ഒരു സ്റ്റാളിൽ ഇടാനുള്ള അവസരം ലഭിച്ചു. അന്ന് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഒരുപാട് പ്രയത്നിച്ചാണ് ഞങ്ങൾക്ക് ഈ വിജയം നേടാനായത്,’ മിനി ഗോപി പറഞ്ഞു.

പരിശീലനം നേടിയ 200 വനിതകൾ വ്യക്തിഗതമായും സംഘമായും അലങ്കാര മെഴുകുതിരികൾ, പേപ്പർ ബാഗുകൾ, ടെറാക്കോട്ട ആഭരണങ്ങൾ, മത്സ്യഅച്ചാറുകൾ, കയറുൽപ്പാദന യൂണിറ്റ്, നെയ്ത്ത് തുടങ്ങിയ യൂണിറ്റുകൾ ആരംഭിച്ചു. ഒപ്പന, ദഫ് മുട്ട്, തിരുവാതിര തുടങ്ങിയവ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ സംഘങ്ങളും ഉത്തരവാദിത്വ ടൂറിസം യൂണിറ്റുകളുടെ ഭാഗമാണ്.

അവാർഡ് വിവരം അറിഞ്ഞ ഉടനെ യുണിറ്റിലെത്തിയ കേരള പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഈ വിജയം ജനകീയ കൂട്ടായ്മയുടെ വിജയമാണെന്ന് പ്രഖ്യാപിച്ചു.

‘ഇത് എല്ലാവരുടെയും കൂട്ടായ വിജയമാണ്. എല്ലാവരുടെയും കഠിനാധ്വാനമാണ്. വ്യക്തിഗതമായോ ഗ്രൂപ്പുകളായോ 121 യൂണിറ്റുകളാണ് ബേപ്പൂർ സാമഗ്ര ഉത്തരവാദിത്വ ടൂറിസത്തിന് കീഴിൽ ഉള്ളത്. ഇത് ജനകീയ കൂട്ടായ്‌മയുടെ വിജയമാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: In the category of Employing and Up-Skilling Local Community of ICRT India Chapter, Kerala Government’s Beypor Comprehensive Responsible Tourism has won the award.

ഡൂള്‍ന്യൂസ് ഡെസ്‌ക്