| Sunday, 18th August 2024, 9:53 pm

ഫണ്ട് തിരിമറി; പി.കെ. ശശിക്കെതിരെ നടപടി, ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാര്‍ട്ടി ഫണ്ടില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍ സി.പി.ഐ.എം എം.എല്‍.എയും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ. ശശിക്കെതിരെ നടപടി. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി.കെ. ശശിയെ ഒഴിവാക്കി.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് മുന്‍ എം.എല്‍.എക്കെതിരായ ആരോപണം.

പി.കെ. ശശിക്കെതിരായ നടപടിക്ക് പിന്നാലെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലായിരുന്നു നടപടി. ഉന്നത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടിയെ തുടര്‍ന്ന് പി.കെ. ശശി് പാര്‍ട്ടിയുടെ പ്രാഥമിക അംഗമെന്ന നിലയിലേക്ക് ചുരുങ്ങി.

പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് നടന്നതായി സൂചനയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണങ്ങളില്‍ അന്വേഷണം നടത്തിയത്. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. ശശിക്ക് ഏരിയ സെക്രട്ടറിയുടെ ചുമതല നല്‍കിയിട്ടുണ്ട്.

അതേസമയം ദേവസ്വം ബോര്‍ഡ് നിയമനക്കോഴ ആരോപണത്തില്‍ പത്തനംതിട്ട സി.പി.ഐ.എമ്മിലും നടപടിയുണ്ടായി. തിരുവല്ല ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് നടപടിയെടുത്തത്. പ്രകാശ് ബാബുവിനെ കൂടാതെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെതിരെയും സി.പി.ഐ.എം നടപടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ഇരു നേതാക്കളെയും തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയെന്ന് നേതൃത്വം അറിയിച്ചു. ഒരാഴ്ച മുമ്പ് തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

പീഡനക്കേസില്‍ ആരോപണ വിധേയനായ സി.സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരെ സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തെ സമീപിച്ച അംഗമാണ് കൊച്ചുമോന്‍.

Content Highlight: In the case of manipulation of party funds, CPIM has taken action against former MLA P.K.Sasi

We use cookies to give you the best possible experience. Learn more