|

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപി ബോധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്ന് കുറ്റപത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ബി.ജെ.പി നേതാവ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ബോധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റമാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജില്ലയിലെ ജെ.എഫ്.എം.സി-നാല് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാധ്യമപ്രവര്‍ത്തയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

ഐ.പി.സി 354, പൊലീസ് ആക്ടിലെ 119 എ തുടങ്ങിയ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 180 പേജോളം വരുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസിനാസ്പദമായി ഫെബ്രുവരി 27ന് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഏതാനും പിശകുകള്‍ ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് തെറ്റുകളെ തിരുത്തി പുതിയ കുറ്റപത്രം സുരേഷ് ഗോപിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്.

2023 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു സംഭവം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലില്‍ വെച്ചു. ഈ ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ തട്ടി മാറ്റി തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിന്നു.

തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐ.പി.സി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നടക്കാവ് പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.

Content Highlight: In the case of insulting the journalist, Suresh Gopi deliberately committed physical assault in the charge sheet