ആ സിനിമയിൽ രജനീകാന്ത് എന്റെ കാല് പിടിക്കുന്ന സീൻ ഉണ്ടായിരുന്നു; അതിന് ശേഷം വന്നത് ഭീഷണി സന്ദേശങ്ങൾ ; ഓർമകൾ പങ്കുവെച്ച് ശോഭന
ചെന്നെെ: പൊതുവെ അഭിമുഖങ്ങൾ അധികം നൽകാത്ത താരമാണ് ശോഭന. തെന്നിന്ത്യയിൽ തന്നെ ഏറ്റവും ആരാധകരുള്ള നടിയും നർത്തകിയുമാണ് ശോഭന.
ഇപ്പോഴിതാ തന്റെ ഇത്രയും വർഷത്തെ സിനിമ കരിയറിലെ രസകരമായ സംഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. രജനീകാന്ത് കാലുപിടിച്ചതുകൊണ്ട് തനിക്കുവന്ന ഭീഷണികളെ കുറിച്ച് ബിഹെെൻഡ് ദ വുഡ്സ് തമിഴിന് നൽകിയ അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
ശിവ എന്ന ചിത്രത്തിലാണ് രജനീകാന്ത് ശോഭനയുടെ കാലുപിടിക്കുന്നത്. സംവിധായകൻ ഈ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ അത് വേണ്ട എന്ന നിലപാടിലായിരുന്നു രജനി. എന്നാൽ അതിന് കാരണം എന്താണെന്ന് തനിക്ക് പിന്നീടാണ് മനസിലായത് എന്നുമാണ് ശോഭന പറഞ്ഞത്.
ചിത്രത്തിൽ രജനികാന്ത് എന്റെ കാലുപിടിക്കുന്ന സീൻ ഉണ്ടായിരുന്നു. രജനികാന്ത് ആ സീൻ വേണ്ടെന്ന് പറഞ്ഞു. എന്നാൽ സംവിധായകൻ രജനിയെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി അത് ചെയ്യിച്ചു. രജനിക്ക് കാലു പിടിക്കുന്നതിൽ പ്രശ്നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകർക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്. ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. തലെെവർ എന്തിന് നിങ്ങളുടെ കാൽ പിടിക്കണം- എന്നൊക്കെയായിരുന്നു സന്ദേശമെന്നും ശോഭന പറഞ്ഞു.
അപ്പോൾ തനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണമെന്നും വളരെ നല്ല വ്യക്തിയാണ് രജനി. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആർക്കും മറിച്ചൊരു അഭിപ്രായം പറയാൻ കഴിയില്ലെന്നും താരം പറഞ്ഞു.