കൊച്ചി: മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരില്‍ ഒരാളാണ് സംവിധായകന്‍ ഭദ്രന്‍. തന്റെ സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് ത്യാഗവും കടുംപിടുത്തവും ഭദ്രന്‍ എടുക്കാറുണ്ട്.
സ്ഫടികം, യുവ തുര്‍ക്കി, ഉടയോന്‍ തുടങ്ങി നിരവധി സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഭദ്രന്റെ ഒരു കടുംപിടുത്തത്തെ കുറിച്ചും അതിലൂടെ നടന്‍ സുരേഷ് ഗോപിക്ക് ജീവനുള്ള ഒരു എലിയെ കടിക്കേണ്ടി വന്നതായുള്ള സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയ സേതു അടൂര്‍.
മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സേതു ഇക്കാര്യം തുറന്നുപറഞ്ഞത്. യുവതുര്‍ക്കി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലായിരുന്നു സംഭവം.
ഒരു വര്‍ഷത്തോളം ഷൂട്ടിങ് നീണ്ട ഭദ്രന്‍ സാറിന്റെ സിനിമയാണ് യുവതുര്‍ക്കി. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. മുത്തുരാജായിരുന്നു അന്നത്തെ ആര്‍ട്ട് ഡയറക്ടര്‍ എന്നും സേതു പറഞ്ഞു.
ചിത്രത്തിലെ ഒരു രംഗത്തില്‍ ജയിലില്‍ കിടക്കുന്ന സുരേഷ് ഗോപിയ്ക്ക് പച്ച എലിയെ കീരിക്കാടന്‍ ജോസിന്റെ കഥാപാത്രം തിന്നാന്‍ കൊടുക്കുന്ന രംഗമുണ്ട്. മുത്തുരാജ് ഒരു കേക്ക് എടുത്ത് എലിയുടെ ആകൃതിയിലാക്കി കൊണ്ട് വന്ന് കൊടുത്തു. പക്ഷേ ഭദ്രന്‍ അത് വാങ്ങി ഒറ്റ ഏറ് കൊടുത്തെന്നും പകരം പച്ച എലിയെ തിന്നാല്‍ മതിയെന്ന് പറയുകയായിരുന്നെന്നും സേതു പറയുന്നു.
തുടര്‍ന്ന് ചിത്രത്തില്‍ സുരേഷ് ഗോപിയെ കൊണ്ട്് പച്ച എലിയെ കടിപ്പിച്ചു. ഭദ്രന്‍ സാര്‍ മനസില്‍ കാണുന്ന ഷോട്ട് എടുപ്പിക്കും. എലിയെ കടിച്ചതിന് ശേഷം ഡെറ്റോളൊക്കെ ഒഴിച്ച് വായ കഴുകിപ്പിച്ചെന്നും സേതു അടൂര്‍ അഭിമുഖത്തില്‍ പറഞ്ഞു.
സുരേഷ് ഗോപി, തിലകന്‍, രതീഷ്, വിജയശാന്തി, ഗീത എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം നിര്‍മ്മിച്ചത് അമിതാബ് ബച്ചനും ജി.പി വിജയകുമാറുമായിരുന്നു.